X

ബൈക്ക് മോഷണം; കോഴിക്കോട് എട്ടംഗ സംഘം പൊലീസ് പിടിയില്‍

കോഴിക്കോട്: നഗരത്തിലെ നിരവധി ബൈക്ക് മോഷണകേസുകളില്‍ പൊലീസ് തെരയുന്ന ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഞായറാഴ്ച ഉച്ചക്ക് എസ്.കെ ടെമ്പിള്‍ റോഡില്‍ വെച്ച് സംശയാസ്പദമായ രീതിയില്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് കൗമാരക്കാരെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിലാണ് കൂടുതല്‍ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പറമ്പില്‍ബസാര്‍ കിഴക്കുമുറി മഠത്തുംകണ്ടി കെ.മുഹമ്മദ് ആഷിക്(22), സുഹൃത്ത് കുതിരവട്ടം കണ്ണന്‍ചാലില്‍ ഹൗസില്‍ നിധിന്‍(18) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊണ്ടുവന്ന പള്‍സര്‍ ബൈക്ക് സംബന്ധിച്ച് രജിസ്‌ട്രേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.

ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കക്കോടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറന്നൂര്‍ ഭാഗത്ത് വെച്ച് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. രജിസ്‌ട്രേഷന്‍ നമ്പറില്‍ മാറ്റം വരുത്തിയാണ് ഇരുവരും ബൈക്കുമായി സഞ്ചരിച്ചിരുന്നത്. മോഷ്ടിച്ച ബൈക്ക് രാത്രിയില്‍ ഭവനഭേദനം, ബൈക്ക് മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിച്ചു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്തതിലാണ് നഗരത്തിലെ മറ്റു ബൈക്ക് കൂട്ടാളികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വെള്ളിമാടുകുന്ന് നമ്പൂതിരികണ്ടി അനീസ്‌റഹ്മാന്‍(20), എരഞ്ഞിക്കല്‍ പടിയേരിതാഴം ഫര്‍ദീന്‍(19), പറമ്പില്‍ബസാര്‍ അലീമ മന്‍സില്‍ എം.ആഷിക്(19), തടമ്പാട്ട്താഴം ഇഖ്ബാല്‍ നവാസില്‍ ഷാജഹാന്‍(23), കാമ്പുറം ബീച്ച് തെങ്ങില്‍ ഹൗസില്‍ സൈദ്മുഹമ്മദ്(23), കണ്ണാടിക്കല്‍ തോട്ടുകടവ് ഹൗസില്‍ ഷാജി(39) എന്നിവരാണ് പിടിയിലായത്. കൂട്ടത്തിലെ പ്രധാനിയായ കണ്ണാടിക്കല്‍ സ്വദേശി ഷാജിക്കെതിരെ ഭവനഭേദനം, കുറ്റകൃത്യം അടക്കം വിവിധ സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

എട്ടംഗ സംഘത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആറുമാസത്തിനിടെ നഗരത്തില്‍ നടന്ന നിരവധി വാഹന മോഷണകേസുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. നല്ലളത്ത്് പാഷന്‍പ്ലസ് ബൈക്ക് മോഷണം, മെഡി:കോളജ് പരിധിയില്‍ ബജാജ് അവന്‍ച്വര്‍ ബൈക്ക്, രണ്ട് പള്‍സര്‍ ബൈക്ക്, രണ്ട് പാഷന്‍ പ്ലസ് ബൈക്ക്, പാഷന്‍ പ്രോ, മാനാഞ്ചിറക്ക് സമീപത്തുവെച്ച് പാഷന്‍ പ്ലോ ബൈക്ക്്, കാക്കൂര്‍, നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം എന്നിവയെല്ലാം ഈ സംഘം നടത്തിയതാണെന്ന് തെളിഞ്ഞു.

chandrika: