X

ഫ്രീക്കന്‍മാര്‍ ജാഗ്രതൈ; സൈലന്‍സര്‍ രൂപമാറ്റം വരുത്തിയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും

കോഴിക്കോട്: നിങ്ങളുടെ ഇരുചക്രവാഹനത്തില്‍ രൂപാന്തരം വരുത്തിയിട്ടുള്ള സൈലന്‍സറുകളാണോ?- എങ്കില്‍ നിങ്ങളിനി മുതല്‍ സൂക്ഷിച്ചേക്കണം. കാരണം ഇനി മുതല്‍ നിങ്ങളുടെ സൈലന്‍സറുകള്‍ നിരീക്ഷണത്തിലാണ്. കാതടിപ്പിക്കുന്ന ശബ്ദവും സൈലന്‍സറുകളില്‍ രൂപമാറ്റവും കണ്ടാല്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.മോഹനദാസ് അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കി.

അധ്യക്ഷന്റെ പുതിയ ഉത്തരവു പ്രകാരം ഇരുചക്രവാഹനങ്ങളില്‍ നിരീക്ഷണം ശക്തമാക്കി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയുള്ള വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയാണെങ്കില്‍ അവ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ടൊന്നും നില്‍ക്കില്ല പരിപാടി. വാഹനങ്ങളുടെ സൈലന്‍സറുകള്‍ പഴയപടിയാക്കുകയും വേണമെന്നാണ് ട്രാഫിക് കമ്മീഷ്ണര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണുകള്‍ നിരോധിക്കുവാനും ഉത്തരവില്‍ പറയുന്നു. മേരിക്കുന്ന് സ്വദേശിയായ എസ് ശിവരാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ഹൃദ്യോഗികളായവരെ കാതടിപ്പിക്കുന്ന ശബ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഹോണുകള്‍ നിരോധിച്ച വിവരം ഡ്രൈവര്‍മാരെ അറിയിക്കാന്‍ സിഗന്ല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കൂടാതെ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

chandrika: