X

സ്ത്രീ വേട്ടക്കാരായി ബി.ജെ.പി- എഡിറ്റോറിയല്‍

ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിതരാക്കിയപ്പോള്‍ ബി.ജെ.പി ഭരണകൂടങ്ങളുടെ തനിനിറം അറിയുന്ന ആരും അത്ഭുതപ്പെട്ടില്ല. കൊടും കുറ്റവാളികളായ പ്രതികളെ മാലയിട്ടും മധുരം നല്‍കിയും ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നിരിക്കെ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അമ്പരക്കാന്‍ ഒന്നുമില്ല. ബി.ജെ.പി സര്‍ക്കാരുകളുടെ റോള്‍ മോഡലാണ് ഗുജറാത്തെന്നതുകൊണ്ട് നെറികേടുകള്‍ ചെയ്യുമ്പോഴും അവര്‍ നോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുകാലത്ത് മുഖ്യമന്ത്രിയായിരുന്ന നാട്ടിലേക്ക് തന്നെയാണ്.

ഉത്തരാഖണ്ഡില്‍ വേശ്യാവൃത്തിക്ക് വഴങ്ങാത്ത റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ കുറ്റകൃത്യത്തിലും ബി.ജെ.പി നേതാവാണ് പ്രതിസ്ഥാനത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലാണ് അങ്കിത ഭണ്ഡാരിയെന്ന യുവതി കൊല്ലപ്പെട്ടത്. മുഖം രക്ഷിക്കാനായി വിനോദ് ആര്യയെയും സഹോദരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ ബി.ജെ.പി ഭരണകൂടം പ്രതികളെ രക്ഷിക്കാന്‍ നെട്ടോട്ടം തുടരുകയാണ്. ജനരോഷം ആളിക്കത്തിയതോടെ റിസോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കിയത് തെളിവു നശിപ്പിക്കാനാണെന്ന് കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. അല്ലെങ്കിലും ഇത്ര ധൃതിപിടിച്ച് എന്തിനാണ് റിസോര്‍ട്ട് നിരത്തിയതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. റിസോര്‍ട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് ശരീരം വില്‍ക്കാന്‍ വിസമ്മതിച്ചതാണ് അങ്കിതയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസിന് ലഭിച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് അങ്കിതയുടെ കുടുംബം ഉറച്ചുവിശ്വസിക്കുന്നു. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ബി.ജെ.പിക്കു കീഴിലുള്ള ഉത്തരാഖണ്ഡില്‍ മറിച്ചൊന്നും സംഭവിക്കാനിടയില്ല. ബില്‍കിസ് ബാനു കേസ് മാത്രമല്ല, സ്ത്രീകള്‍ കൊല്ലപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത വേറെയും നിരവധി ഭീകരസംഭവങ്ങള്‍ ബി.ജെ.പി അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലും മുഖ്യ പ്രതി ബി.ജെ.പി നേതാവാണ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചപ്പോഴും പ്രതികളെ രക്ഷിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചത്. 2018ല്‍ ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസുള്ള ആസിഫ ബാനു എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും പ്രതികളോടൊപ്പമായിരുന്നു ബി.ജെ.പി. കുറ്റക്കാരെ അനുകൂലിച്ച് നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരില്‍ അന്നത്തെ രണ്ട് ബി.ജെ.പി മന്ത്രിമാരുമുണ്ടായിരുന്നു. യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ബലാത്സംഗക്കേസുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ലഖിംപൂരില്‍ പതിനഞ്ചും പതിനേഴും വയസുള്ള രണ്ട് ദളിത് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളികള്‍ക്ക് ഒളിത്താവളം ഒരുക്കാനാണ് യു.പി സര്‍ക്കാര്‍ ശ്രമിച്ചത്. ഇങ്ങനെ സ്ത്രീയുടെ ചോരയും കണ്ണീരും പടര്‍ന്ന എത്രയെത്ര സംഭവങ്ങള്‍. ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാതെ പൊലീസ് ചുട്ടെരിച്ചത് ഉത്തര്‍പ്രദേശിലെ ഹഥാറസിലാണ്.

എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കാനും വാഗ്ദാന പ്രഖ്യാപനം നടത്താനുമുള്ള അവസരങ്ങള്‍ നരേന്ദ്രമോദി പാഴാക്കാറില്ല. സ്ത്രീ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും വാക്കുകൊണ്ടുപോലും അവരെ അധിക്ഷേപിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും 79-ാം സ്വാതന്ത്ര്യദിനത്തില്‍ മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രസംഗിച്ച അതേ ദിവസം തന്നെയാണ് ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ ജയില്‍ മോചിതരായത്. ബി.ജെ.പി അധികാരത്തിലെത്തിയശേഷം സ്ത്രീയുടെ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നോക്കം പോയിരിക്കുകയാണ്. മോദി സര്‍ക്കാറിനു കീഴില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. മൈക്കിനുമുന്നില്‍ വിളിച്ചുകൂവിയതു കൊണ്ടായില്ല. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണ് ആവശ്യം. ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീ പീഡനക്കേസുകളിലെ ചെന്നായക്കൂട്ടങ്ങള്‍ക്ക് കുട പിടിക്കാതെ മാറിനില്‍ക്കാനുള്ള മാന്യതയെങ്കിലും മോദി കാണിക്കണം.

web desk 3: