X
    Categories: MoreViews

രാജസ്ഥാനിലെ അധര്‍വ ബൂത്തില്‍ ബി.ജെ.പിക്ക് ലഭിച്ചത് പൂജ്യം വോട്ട്

ജയ്പൂര്‍: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാണക്കേടിന്റെ പുതിയ ചരിത്രം. അജ്മീര്‍ മണ്ഡലത്തിലുള്ള ദുദു തഹ്‌സിലിലെ അധര്‍വ പോളിങ് ബൂത്തില്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു വോട്ടു പോലും ലഭിച്ചില്ല.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ തോല്‍പ്പിച്ച് ബി.ജെപിയുടെ സന്‍വര്‍ ലാല്‍ ജാട്ട് ജയിച്ച അജ്മീര്‍ മണ്ഡലത്തിലാണ് ബി.ജെ.പി വന്‍ തിരിച്ചടി നേരിട്ടത്. സന്‍വര്‍ ലാല്‍ ജാട്ടിന്റെ മരണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2014-ല്‍ ബി.ജെ.പിക്കൊപ്പം നിന്ന ജാട്ടുകള്‍ ഇത്തവണ പാര്‍ട്ടിക്കെതിരായി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജാട്ട് ഭൂരിപക്ഷ പ്രദേശമായ അധര്‍വ ബൂത്തിലെ ‘പൂജ്യം’ വോട്ട്. കര്‍ഷക സമൂഹമായ ജാട്ടുകളുടെ നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ വികാരമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

അജ്മീര്‍ മണ്ഡലത്തില്‍ 62 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ ബി.ജെ.പിയുടെ രാംസ്വരൂപ് ലാംബയേക്കാള്‍ 77868 വോട്ടുകള്‍ക്ക് മുന്നിലാണ്.

മറ്റൊരു ലോക്‌സഭാ മണ്ഡലമായ അല്‍വാറിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയമുറപ്പിച്ചു കഴിഞ്ഞു. 83 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഡോ. കരണ്‍ സിങ് യാദവ് 144,914 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ എം.പിയായിരുന്ന മഹന്ത് ചന്ദ് നാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന അസംബ്ലിയിലേക്കുള്ള മംഗല്‍ഗഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവേദ് ധാകര്‍ 70143 വോട്ടുകള്‍ നേടി ബി.ജെ.പിയുടെ ശക്തി സിങ് ഹാഡയെ 12976 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: