X

പരാതിയിലെ വാക്കുപിഴ; വെട്ടിലായി ബി.ജെ.പി നേതൃത്വം

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരായണനെതിരെ സൈബറാക്രമണം നടത്തിയതിനു പിന്നാലെ ഡി.ജി.പിക്കു പരാതി നല്‍കിയ ബി.ജെ.പി നേതൃത്വം വെട്ടിലായി. പരാതിയിലെ വാക്കുപിഴയാണ് ബി.ജെ.പിയെ തിരിഞ്ഞുകൊത്തിയത്.

ദീപകിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ ‘complaint against facebook post’ എന്നതിനു പകരം ‘compliment against facebook post’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കംപ്ലെയിന്റിനു പകരം കോംപ്ലിമെന്റായതാണ് ബി.ജെ.പിക്ക് വിനയായത്.

പ്രകോപനപരമായ പോസ്റ്റ് എന്ന ആരോപിച്ച് നല്‍കിയ പരാതിയില്‍ ഫേസ്ബുക്ക് പോസ്റ്റിന് ബി.ജെ.പിയുടെ അനുമോദനമെന്നാണുള്ളത്. ഇത് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും മറ്റും ബി.ജെ.പിയെ പരിഹസിച്ച് നിരവധി ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

കഠ്‌വ പെണ്‍കുട്ടിയുടെ കൊലപാതകത്തെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാര്‍ ജോലി ചെയ്തിരുന്ന കൊട്ടാക് മഹീന്ദ്രയുടെ പേജില്‍ സൈബറാക്രണം നടത്തിയിരുന്നു.

ഇതിനു സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്.പി ഇന്ത്യയുടെ ഫേസ്ബുക്ക് പേജില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബറാക്രമണം നടത്തി. ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ദീപക്കിനെ പിന്തുണച്ച അധ്യാപക ദീപ നിശാന്തിനെതിരെയും രൂക്ഷമായ സൈബറാക്രമണമാണ് ഉള്ളത്.

ദീപക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘പത്ത് ക്രിമിനലുകള്‍ ചേര്‍ന്ന് നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യന്‍ ജനതയുടെ മുപ്പത്തിയൊന്ന് ശതമാനത്തിന്റെ സമ്മതിയില്‍ ആ പത്തുപേര്‍ നടത്തിയ കൊലയാണത്.

നീതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്ന പക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ മുപ്പത്തിയൊന്ന് ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്.

അതില്‍ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണം വരെ കാക്ക കൊണ്ടുപോകാതെ നോക്കിയ, മറ്റൊരു കശ്മീരി പണ്ഡിറ്റിന് വേണ്ടി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം’

chandrika: