X
    Categories: indiaNews

പശ്ചിമബംഗാളില്‍ ബി.ജെ.പി- സി.പി.എം സഖ്യത്തിന് ജയം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് ബി.ജെ.പി.യും സി. പി.എമ്മും. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാനായി ‘പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി’ എന്ന പേരിലുണ്ടാക്കിയ സഖ്യം ആകെയുള്ള 63 സീറ്റും നേടി.

തൃണമൂലിന് ഒറ്റസീറ്റും ലഭിച്ചില്ല. നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബഹ്‌റാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

ആകെ സീറ്റില്‍ 40 എണ്ണം ബി.ജെ.പി.ക്കും 23 എണ്ണം സി.പി.എമ്മിനും ലഭിച്ചു. നന്ദിഗ്രാം എം.എല്‍.എ.യും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഈ പുതിയ രാഷ്ട്രീയ സഖ്യം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അപ്രഖ്യാപിത സഖ്യമായി വളരുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തരം സഖ്യങ്ങള്‍ ഇടക്കിടക്ക് സംസ്ഥാനത്തുണ്ടാകാറുണ്ടെന്നും ഇതാണ് ബി.ജെ.പി-സി.പി.എം സഖ്യമുണ്ടെന്നതിന്റെ തെളിവെന്ന് ടി.എം.സി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. താഴെത്തട്ടില്‍ ഇത്തരം സഖ്യങ്ങള്‍ സംഭവിക്കുമ്പോള്‍ സി.പി.എം നേതൃത്വമാണ് ഇത് പരിശോധിക്കേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. വിജയികളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജൂംദാര്‍ അഭിനന്ദിച്ചപ്പോള്‍ സി.പി.എം ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല.

web desk 3: