പ്രാദേശിക ബി.ജെ.പി നേതാക്കൾ യോഗം ചേർന്നത് ഹിമാചൽ പ്രദേശിലെ മാണ്ഡി പാർലമെൻ്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്തിന് വൻ ഭീഷണിയായി. രാജ്യവും സിനിമ ലോകവും ഏറെ ഉറ്റുനോക്കുന്ന മത്സരമാണ് മാണ്ഡിയിൽ നടക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് ആണ് നിലവിലെ മാണ്ഡിയിലെ എം.പി.
ടിക്കറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ 3 നേതാക്കൾ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മുൻ ബി.ജെ.പി എംപി മഹേശ്വർ സിങ്ങിൻ്റെ മകൻ ഹിതേശ്വർ സിംഗ്, മുൻ സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി രാം സിങ്, മുൻ അന്നി എം.എൽ.എ കിഷോരി ലാൽ സാഗർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത പ്രമുഖർ. മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ മാർച്ച് 26 ന് രാത്രി കുളുവിൽ ഉണ്ടായിരുന്നു.
അദ്ദേഹം മഹേശ്വര് സിങ്ങുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഹിതേശ്വർ 8 അസംതൃപ്തരായ ബി.ജെ.പി നേതാക്കളുമായി തന്ത്രങ്ങൾ മെനയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് രാം സിംഗ് പാർട്ടിയിൽ നിന്ന് അകന്നിരുന്നു.
സംസ്ഥാന ബി.ജെ.പി നേതൃത്വം കോൺഗ്രസ് നേതാക്കളെ കെട്ടിപ്പിടിക്കുകയാണെന്നും എന്നാൽ പാർട്ടിക്ക് ജീവിതം മുഴുവൻ സമർപ്പിച്ചവരെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.