X
    Categories: CultureMoreViews

ദേശീയ തലത്തില്‍ ബി.ജെ.പി തകര്‍ന്നടിയുന്നു; ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം. രാജ്യം ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ ഖൈറാന ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാലസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ആര്‍.എല്‍.ഡിയിലെ തബസ്സും ഹസന്‍ 49,291ല്‍ വോട്ടിന് വിജയിച്ചു.

തബസ്സും ഹസന് 401464 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങിന് 352173 വോട്ടും ലഭിച്ചു. ഫുല്‍പൂര്‍, ഗോരക്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെ യു.പിയില്‍ ബി.ജെ.പിയില്‍ നിന്നും പ്രതിപക്ഷം പിടിക്കുന്ന മൂന്നാമത്തെ ലോക്‌സഭാ സീറ്റാണിത്. പ്രധാനമന്ത്രി മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. യു.പിയിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നയീമുല്‍ ഹസന്‍ ബി.ജെ.പിയുടെ അവാനി സിങിനെ 9590 വോട്ടുകള്‍ക്ക് തോല്‍പിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലം ബി.ജെ.പിയില്‍ നിന്നും എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു. എന്‍.സി.പി സ്ഥാനാര്‍ത്ഥി കുകദെ മധുകരാവു യശ്വന്ത് റാവുവാണ് ജയിച്ചത്. അതേസമയം മഹാരാഷ്ട്രയിലെ പാല്‍ഗഡ് ലോക്‌സഭാ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. ശിവസേനയുടെ ശ്രീനിവാസ് ചിന്താമന്‍ വനഗയെ 29574 വോട്ടിന് ബി.ജെ.പിയിലെ ഗവി രാജേന്ദ്ര ദേദിയ തോല്‍പിച്ചു.

മഹാരാഷ്ട്രയിലെ പാലുസ് -കഡേഗാവോന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വിശ്വജീത് കദം എതിരില്ലാതെ തെരഞ്ഞെടുത്തു. വിശ്വജിത് കദമിന്റെ പിതാവ് പതംഗ് റാവു കദമിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞൈടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

നാഗാലന്‍ഡ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യമായ എന്‍.ഡി.പി.പി സ്ഥാനാര്‍ത്ഥി തോക്കേഹോ 155922 വോട്ടുകള്‍ക്ക് നാഗാലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി അപോക് ജാമിറിനെ തോല്‍പിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ കോണ്‍ഗ്രസിലെ മുനിരത്‌ന 25492 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ മുനിരാജു ഗൗഡയെ തോല്‍പിച്ചു.

ബിഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ജോകിഹട്ട് മണ്ഡലം ആര്‍.ജെ.ഡി പിടിച്ചെടുത്തു. ആര്‍. ജെ.ഡിയുടെ ഷാനവാസ് ആലം 38089 വോട്ടുകള്‍ക്ക് ജെ. ഡി.എസിലെ മുര്‍ഷിദ് ആലത്തെ തോല്‍പിച്ചു. മേഘാലയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അംപതി മണ്ഡലം കോണ്‍ഗ്രസ് 3191 വോട്ടുകള്‍ക്ക് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിയാനി ഡി ഷിറ എന്‍.പി.പിയിലെ ക്ലമന്റ് ജി മോമിനെ തോല്‍പിച്ചു. വിജയത്തോടെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. പഞ്ചാബിലെ ഷാഹ്‌കോട്ട് മണ്ഡലം ശിരോമണി അകാലിദളില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോ ണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍ദേവ് ലിങ് ലാഡി 38,802 വോട്ടുകള്‍ക്ക് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി നായിബ് സിങ് കോഹറെ തോല്‍പിച്ചു. ജാര്‍ഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോമിയ, സില്ലി മണ്ഡലങ്ങള്‍ ജെ. എം.എം നിലനിര്‍ത്തി.
ഗോമിയയില്‍ ജെ.എം.എമ്മിലെ ബബിത ദേവി 1344 വോട്ടുകള്‍ക്ക് എ.ജെ.എസ്.യു.പിയിലെ ലംബോധര്‍ മഹാതോയെ തോല്‍പിച്ചു. ബി.ജെ.പിക്ക് ഇവിടെ മൂന്നാം സ്ഥാനത്തെത്താനെ ആയുള്ളൂ. സില്ലിയില്‍ ജെ.എം.എമ്മിലെ സീമ ദേവി വിജയിച്ചു. ഉത്തരാഖണ്ഡിലെ തരാലി മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പിയിലെ മുന്നി ദേവി ഷാ 1811 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജീത് റാമിനെ തോല്‍പിച്ചു. പശ്ചിമബംഗാളിലെ മഹേഷ്താല മണ്ഡലം ടി.എം.സി നിലനിര്‍ത്തി. 62825 വോട്ടുകള്‍ക്ക് ടി. എം. സി സ്ഥാനാര്‍ത്ഥി ദുലാല്‍ചന്ദ്ര ദാസ് ബി.ജെ.പിയിലെ സുജിത് കുമാര്‍ ഘോഷിനെ തോല്‍പിച്ചു. സി. പി. എം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: