X

കര്‍ണാടക: ബി.ജെ.പിയുടെ 83 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ബി.ജെ.പി. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത് ബി.ജെ.പിയിലാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എ.ഡി.ആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള 2,560 സ്ഥാനാര്‍ഥികളെ വിവരങ്ങളാണ് എ.ഡി.ആര്‍ പരിശോധിച്ചത്. ബി.ജെ.പിയുടെ 224 സ്ഥാനാര്‍ഥികളില്‍ 83 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ്സിന്റെ 220 സ്ഥാനാര്‍ഥികളില്‍ 59 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ജനതാദള്‍ സെക്യുലര്‍- 199 സ്ഥാനാര്‍ഥികളില്‍ 41 പേരും, ജെ.ഡിയുവില്‍ മത്സരരംഗത്തുള്ള 25 പേരില്‍ അഞ്ചുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 27 ആംആദ്മി സ്ഥാനാര്‍ഥികളില്‍ അഞ്ചു പേരും 1,090 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 108 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊലപാതകകുറ്റം വരെ ചെയ്തവരും സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയവരും സ്ഥാനാര്‍ഥികളില്‍ പെടുന്നുണ്ട്. 23 പേരും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. മൊത്തം സ്ഥാനാര്‍ഥികളില്‍ 254 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.

മത്സരരംഗത്തുള്ള 35 ശതമാനത്തോളം സ്ഥാനാര്‍ഥികളും കോടീശ്വരന്‍മാരാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2,560 സ്ഥാനാര്‍ഥികളില്‍ 883 പേരും കോടികള്‍ വരുമാനമുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ സ്ഥാനാര്‍ഥികളില്‍ 1,351 പേരും അഞ്ചു മുതല്‍ പ്ലസ്ടുവരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

chandrika: