X

ഒടുവില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി; 14 നാള്‍ നീണ്ട സമരത്തിന് ചരിത്രവിജയം

ജയ്പൂര്‍: അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പതിനാല് ദിവസമായി രാജസ്ഥാനില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ചരിത്ര വിജയം. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പതിനാല് ദിവസത്തെ സന്ധിയില്ലാത്ത സമരത്തിലൂടെ നേടിയെടുത്താണ് കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് കാരണം കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്തുണ നല്‍കി മുന്നോട്ട് വന്നതോടെ ജനകീയ സമരമായി മാറുകായിയിരുന്നു. സമരത്തിന് ബിസിനസുകാര്‍, വ്യാപാരികള്‍, ക്ഷീര വിതരണക്കാര്‍, ബസുടമകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പിന്തുണ ലഭിച്ചു.

ഇതോടെ അന്പതിനായിരം രൂപ വരെയുള്ള മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതി തള്ളുമെന്ന് രാജസ്ഥാന്‍ ഭരണകൂടം സമരക്കാരോട് സമ്മതിച്ചു. കാര്‍ഷിക വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം താങ്ങുവില ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സമ്മതിച്ചു.

കൃഷിക്കായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കും. കര്‍ഷകരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയാക്കും, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിള നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തന്നെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും, ജലം ലഭിക്കാതെ കൃഷി നശിച്ചാല്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സും ലഭിക്കുന്നതിന് നടപടി സ്വീകരിക്കും, കര്‍ഷകരുടെ മക്കളുടെ പഠനത്തിനായുള്ള എസ്സി-എസ്ടി, ഒബിസി ഫെല്ലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യാനും തീരുമാനമായി.

chandrika: