X

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍; സിന്ധ്യയെ ഒതുക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാകുന്നു

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ‘ഒതുക്കുന്ന’തിനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാകുന്നു. ബിജെപിയിലെ ശക്തനായ നീരജ് ശര്‍മയെ എതിര്‍പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ 22 എം.എല്‍.എമാരില്‍ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെതിരെയാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ കരുനീക്കം.

സാഗര്‍ ജില്ലയിലെ സുര്‍ക്കി നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് രാജ്പുത്. ഇവിടുത്തെ ബിജെപിയുടെ ശക്തനായ പ്രാദേശിക നേതാവായിരുന്നു നീരജ് ശര്‍മ. നീരജിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുന്നതോടെ രാജ്പുത്തിന് ശക്തനായ ഒരു എതിരാളിയെ നല്‍കുകയാണ് ഉദ്ദേശ്യം.

ഭൂവുടമയും കര്‍ഷകനുമായ ശര്‍മ സ്വകാര്യ ബസ് ഓപ്പറേറ്റവും ധനികനായ കോണ്‍ട്രാക്ടറുമാണ്. 2009 വരെ കോണ്‍ഗ്രസിലായിരുന്ന ശര്‍മ പിന്നീട് കോണ്‍ഗ്രസില്‍ രാജ്പുതിന്റെ ആധിപത്യം കൂടിയതോടെ ബിജെപിലേക്കു ചേക്കേറി. തുടര്‍ന്ന് 2010ല്‍ രഹത്ഗര്‍ ജന്‍പദ് പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. ഗോവിന്ദ് സിങ് രാജ്പുതിന്റെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുതിനെയാണ് പരാജയപ്പെടുത്തിയത്.

2003, 2008, 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് സുര്‍ക്കി മണ്ഡലത്തില്‍നിന്ന് നിയമസഭയില്‍ എത്തിയ ഗോവിന്ദ് സിങ് രാജ്പുത് 2020ല്‍ ബിജെപിയെ പ്രതിനിധീകരിച്ചും ഇവിടെനിന്ന് വിജയിച്ചു. സിന്ധ്യയുടെ വിശ്വസ്തരില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിലുള്ള ഏക മന്ത്രിയാണ് രാജ്പുത്. നേരത്തെ കമല്‍നാഥ് സര്‍ക്കാരില്‍ കൈകാര്യം ചെയ്ത റവന്യു, ഗതാഗത വകുപ്പുകള്‍ തന്നെയാണ് ഈ സര്‍ക്കാരിലും ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

മധ്യപ്രദേശില്‍ പലയിടത്തും സിന്ധ്യയ്‌ക്കൊപ്പം വന്നവരും പഴയ പ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യം ബിജെപിക്ക് തലവേദനയാണ്. നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹവും ശക്തമണ്.

webdesk13: