X

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിതെന്ന് പൊലീസ്. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

നഗരത്തിലെ റാത്തിബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സായ് നഗര്‍ കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബി.ജെ.പി നേതാവ് രാജേന്ദ്ര പാണ്ഡെ ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ദേഷ്യത്തില്‍ ഇയാള്‍ ഭാര്യയെ തോക്കുപയോഗിച്ച് വെടിവെച്ചു. അരയ്ക്ക് വെടിയേറ്റ ഭാര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് ചന്ദ്രശേഖര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പാണ്ഡെയുടെ മകളും മരുമകനും വീട്ടില്‍ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പ്രതിയായ രാജേന്ദ്ര പാണ്ഡെ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പൊലീസ് സംഘം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. കുറ്റാരോപിതനായ പാണ്ഡെ മുമ്പ് ബിജെപിയുടെ മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്നു. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ നിലവിലെ പദവിയെക്കുറിച്ച് അറിയില്ലെന്നും ചന്ദ്രശേഖര്‍ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

 

webdesk13: