X

‘പള്ളികളില്‍ ബാങ്കിന് പകരം ഭാരത് മാതാ കി ജയ് വിളിക്കണം’; ബി.ജെ.പി മന്ത്രിയുടെ പ്രസംഗം വിവാദമാകുന്നു

ലക്നൗ: ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താതിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മന്ത്രി. ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമ പ്രവര്‍ത്തകരോട് നിങ്ങള്‍ പാകിസ്ഥാന്റെ ആളാണോ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് കുമാര്‍ സിംഗ് പ്രതികരിച്ചത്.

ബിഹാറിലെ മൈന്‍ ആന്റ് ജിയോളജി വകുപ്പ് മന്ത്രിയാണ് വിനോദ് കുമാര്‍. കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ ഒരു പരിപാടിയ്ക്കിടെയാണ് സംഭവം. തന്റെ പ്രസംഗത്തിനിടെ ഭാരത് മാതാ കി ജയ് വിളിച്ച മന്ത്രി കാണികളോട് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതിനായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തത്. നിങ്ങള്‍ ഇന്ത്യയുടെ മക്കളാണ് ആദ്യമെന്നും പിന്നീട് മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ ആകുന്നുള്ളൂവെന്നും പറഞ്ഞ മന്ത്രി കയ്യുയര്‍ത്തി മുദ്രാവാക്യം വിളിക്കാത്ത മാധ്യമ പ്രവര്‍ത്തകരോട് നിങ്ങളെന്താ പാകിസ്ഥാന്റെ ആളുകളാണോ എന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

മന്ത്രിയുടെ ആവശ്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. നേരത്തെ ഇതേ യോഗത്തില്‍ തന്നെ മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ചടങ്ങുകളില്‍ ബാങ്കിനും മണിയടിക്കും പകരം ഭാരത് മാതാ കി ജയ് ആക്കണമെന്ന് ബി.ജെ.പിയുടെ ബിഹാര്‍ പ്രസിഡന്റ് നിത്യാനന്ദ് റായി പറഞ്ഞിരുന്നു. പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു റായിയുടെ നിലപാട്. തങ്ങളുടെ യഥാര്‍ത്ഥ അജണ്ട ബി.ജെ.പി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് സംഭവത്തിന് പിന്നാലെ ആര്‍.ജെ.ഡി വക്താവ് പ്രതികരിച്ചു.

chandrika: