X

‘ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് 1,200 കോടി രൂപ വാഗ്ദാനം ചെയ്തു’; ബി.ജെ.പിയെ ഞെട്ടിച്ച് ഹര്‍ദ്ദിക്

അഹമ്മദാബാദ്: പട്ടേല്‍ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ തനിക്ക് 1,200 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന്റെ സംവരണ ആവശ്യം അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതായും ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഹര്‍ദ്ദിക് ഇക്കാര്യം പറഞ്ഞത്. ബിജെ.പിയില്‍ ചേരാന്‍ പട്ടേല്‍ നേതാക്കന്‍മാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനിടെയാണ് ബി.ജെ.പിയെ ഞെട്ടിച്ച് ഹര്‍ദ്ദികിന്റേയും വെളിപ്പെടുത്തല്‍.

പട്ടേല്‍ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ തനിക്ക് 1,200 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തു. വടക്കന്‍ ഗുജറാത്തിലെ നിരവധി ബി.ജെ.പി നേതാക്കള്‍ തന്നെ ഇതിനായി സമീപിച്ചുവെന്നും 50ലക്ഷം ഈയടുത്തുവരെ നല്‍കാമെന്ന് പറഞ്ഞുവെന്നും ഹര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസ് ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. അവര്‍ പട്ടീദാറുകളുടെ സംവരണം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി. നിലവില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്‍പ്പെടെ നല്‍കുന്ന 49ശതമാനം സംവരണത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സംവരണം നല്‍കുക’ -ഹര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജനം ഉണ്ടായിട്ടില്ലെന്നും ഹര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനസംഖ്യയുടെ 12 ശതമാനത്തോളമാണ് പട്ടീദാര്‍ സമുദായങ്ങള്‍ വരുന്നത്. 182 നിയമസഭാ സീറ്റുകളിലെ ഏകദേശം 60സീറ്റുകളെ സ്വാധീനിക്കാന്‍ പട്ടേല്‍ വിഭാഗത്തിന് കഴിയും.

നേരത്തെ കോണ്‍ഗ്രസ്സുമായുള്ള സീറ്റ് വിഭജന തര്‍ക്കത്തില്‍ പ്രതികരണവുമായി പട്ടേല്‍ രംഗത്തെത്തിയിരുന്നു. പട്ടേല്‍ വിഭാഗക്കാരോടുള്ള സമീപനങ്ങളില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരേ മനസ്സുള്ളവരാണെന്നായിരുന്നു ഹര്‍ദ്ദികിന്റെ പരാമര്‍ശം. കോണ്‍ഗ്രസ്സിന്റെ രണ്ടോ മൂന്നോ സീറ്റിനുവേണ്ടി 2015-ല്‍ സമുദായത്തിനുണ്ടായ രക്തസാക്ഷികളെ മറക്കാനാകില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് താന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സും ബി.ജെ.പിയും പട്ടേല്‍ വിഭാഗക്കാരോട് ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ അവര്‍ക്ക് യാതൊരു വിലയുമില്ലെന്നും കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെയാണെന്നും ഹര്‍ദ്ദിക് പറഞ്ഞിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതിയും (പാസ്) കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമായിരുന്നു. പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് പാസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 20 സീറ്റുകള്‍ ആവശ്യപ്പെട്ട സ്ഥാനത്ത് വെറും രണ്ടു സീറ്റുകള്‍ മാത്രമാണ് തങ്ങള്‍ക്ക് അനുവദിച്ചത് എന്നായിരുന്നു പാസിന്റെ ആരോപണം. ലളിത് വസോയ, അമിത് തുമ്മര്‍ എന്നീ നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം നല്‍കിയത്. വസോയ ധരോജി സീറ്റിലും തുമ്മാര്‍ ജുനാഗഥ് സീറ്റിലുമാണ് ജനവിധി തേടുക. അതേസമയം, പട്ടികയില്‍ മൊത്തം 18 പട്ടേല്‍ സമുദായക്കാരുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കന്ന 30 മണ്ഡലങ്ങളുടെ പട്ടിക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കോണ്‍ഗ്രസിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 77 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ ഒമ്പതിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

chandrika: