X

കുട്ടിക്കടത്ത്: ബംഗാള്‍ ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാദമായ ജല്‍പൈഗുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നാണ് ഇവരെ പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂഹി ചൗധരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിമലാ ശിശു ഗ്രിഹോ എന്ന സന്നദ്ധ സംഘടന വഴി ഇന്ത്യക്കകത്തും പുറത്തേക്കുമായി കുട്ടികളെ കടത്തി എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഘടനയുടെ ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്‍, ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബര്‍ത്തി, ഇവരുടെ സഹോദരന്‍ മനാസ് ഭൗമിക് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. അമേരിക്ക, സിംഗപ്പൂര്‍ ഫ്രാന്‍സ് സ്പെയിന്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളെ കടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ രൂപക്കാണ് കുഞ്ഞുങ്ങളെ വിറ്റിരുന്നത്. ജല്‍പൈഗുരിയിലെ ശിശുക്ഷേമ കമ്മിറ്റി നല്‍കിയ പരാതിയിലാണ് സി.ഐ.ഡി വിഭാഗം അന്വേഷണം തുടങ്ങിയത്. അതേസമയം ജൂഹി കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലിപ് ഘോഷ് അറിയിച്ചു.

chandrika: