X

കര്‍ണാടകയില്‍ അമിത് ഷാ പങ്കെടുത്ത റാലിയുടെ ഉദ്ഘാടനത്തിന് ആളില്ല; ബി.ജെ.പി കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി

ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംഘടിപ്പിച്ച നവ കര്‍ണാടക നിര്‍മാണ പരിവര്‍ത്തന യാത്രയുടെ ഉദ്ഘാടനത്തിലെ കല്ലുകടിയില്‍ കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്ത ചടങ്ങിന് മൂന്നു ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും നാമമാത്രമായ പങ്കാളിത്തം മാത്രമാണുണ്ടായത്. ഇതില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അമിത് ഷാ റാലിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ മുന്‍ നിരയിലെ കസേരകള്‍ ഏറെയും ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവില്‍ നിന്നും ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയോട് വേദിയില്‍ വെച്ചു തന്നെ ഷാ ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചതായി സംസ്ഥാന നേതാക്കള്‍ പറയുന്നു. ബി.ജെ.പിയുടെ 100 കോര്‍പറേഷന്‍ അംഗങ്ങള്‍, 11 എം.എല്‍.എമാര്‍, കേന്ദ്ര മന്ത്രി അനന്തകുമാര്‍, എം.പിമാരായ മുന്‍ മുഖ്യന്‍ സദാനന്ദ ഗൗഡ, പി.സി മോഹന്‍ എന്നിവര്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

75 ദിവസത്തെ യാത്രയില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തുംകൂരുവിലെ തുറുവകരെയില്‍ വെച്ച് യദ്യൂരപ്പയുടെ വാഹനം ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയും ജാഥക്കു നേരെ കല്ലേറു നടത്തുകയും ചെയ്തിരുന്നു.

chandrika: