X

ബി.ജെ.പി പതറുന്നു; യൂപിയിലെ മന്ത്രി രാജിവെച്ചു; 24 മണിക്കൂറിനിടെ രാജിവെച്ചത് 2 മന്ത്രിമാരും 4 എംഎല്‍എമാരും

ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ വീണ്ടും രാജി. യോഗിയുടെ മന്ത്രിസഭയിലെ വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായ ദാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ ഇന്നലെ രാജിവെച്ചതിന് പിന്നാലെയാണ് വീണ്ടും ഒരു മന്ത്രി കൂടി രാജിവെച്ചത്. ഇതോടെ യു.പിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി വിടുന്ന എം.എല്‍.എമാരുടെ എണ്ണം ആറായി ഉയര്‍ന്നു.യോഗി സര്‍ക്കാരിന് ഒ.ബി.സി വിഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ ദാരാ സിംഗ് ചൗഹാന്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് ചെക്കേറിയേക്കും.

ബിജെപി വിട്ടെക്കുമെന്ന ചര്‍ച്ച സജീവമായിരിക്കെ ദാരാ സിങ് ചൗഹാനെ സംഭവം ചര്‍ച്ച ചെയ്യാനായി ഇന്ന് ഡല്‍ഹിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ വിളിപ്പിച്ചിരുന്നു. മുന്‍പ് ബിഎസ്പി അംഗമായിരുന്ന ദാരാ സിങ് 2015ലാണ് ബിജെപിയില്‍ ചേര്‍ന്നത്. മധുഭന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പടെ 4 മറ്റു എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ച ശേഷം സമാജ് വാദി പാര്‍ട്ടിയുടെ ഭാഗമായിരുന്നു. കൂടുതല്‍ പേര്‍ തന്റെ പിന്നാലെ എസ്പിയിലേക്ക് വരുമെന്ന് മൗര്യ പറഞ്ഞതിന് ശേഷം നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ എന്നിവരയിരുന്നു രാജിവെച്ചത്.

ഫെബ്രുവരി 10നാണ് യൂപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി പല ദിവസം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.

 

web desk 3: