X

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ കുതന്ത്രം-എഡിറ്റോറിയല്‍

ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍കൂടി നിലംപൊത്തിയിരിക്കുന്നു. ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയത്തില്‍ ഇത്തവണ തകര്‍ന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരാണ്. വ്യാഴാഴ്ച നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഇന്നലെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഏക്‌നാഥ് ഷിന്‍ഡെക്ക് മുഖ്യമന്ത്രി പദം വെച്ചുനീട്ടുമ്പോള്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് പലതാണ്. പ്രധാനമായും ശിവസേനയെ പിളര്‍ത്തി ഹിന്ദുത്വ വോട്ടുകള്‍ ബി.ജെ.പിയില്‍ തന്നെ കേന്ദ്രീകരിക്കുക എന്നതാണ്. ഏറെക്കുറേ ഒരേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവസേന മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായിരുന്നു. 2019 വരെ ഇരു പാര്‍ട്ടികളും ഒന്നിച്ചായിരുന്നു മത്സരിച്ചിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് അന്ന് സഖ്യം പിരിഞ്ഞത്. തുടര്‍ന്ന് ശിവസേനയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മഹാവികാസ് അഘാഡി ബി.ജെ.പിക്ക് വലിയ ഭീഷണിയായിരുന്നു. തങ്ങള്‍ക്ക് മുകളില്‍ ആരും വളരരുതെന്ന് നിര്‍ബന്ധമുള്ള ബി.ജെ.പി, അതിനുള്ള കരുക്കളാണ് പിന്നീട് നീക്കിയത്. 21 മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നുണ്ടെങ്കിലും ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ബി.ജെ.പിയുടെ കൈകളില്‍ തന്നെയായിരിക്കും. തങ്ങള്‍ക്ക് അധികാരമോഹമില്ലെന്ന് വരുത്തിതീര്‍ക്കുകയും ബി.ജെ.പി ലക്ഷ്യമാണ്.

2019ല്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് അധികാരലേറിയ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ നാടകത്താല്‍ രണ്ടര വര്‍ഷത്തിന് ശേഷം പുറത്തേക്ക് പോകുകയാണ്. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡയെ ഉപയോഗപ്പെടുത്തി ബി.ജെ.പി ‘ഓപ്പറേഷന്‍ താമര’ വിജയിപ്പിച്ചെടുത്തിരിക്കുന്നത്. സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 169 പേരുടെ പിന്തുണയില്‍ നിലവില്‍വന്ന ഉദ്ധവ് സര്‍ക്കാറിന്റെ അംഗബലം ഷിന്‍ഡെയുടെ വിമത നീക്കത്തോടെ 111 ലേക്കെത്തി. 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമത പക്ഷത്തുള്ളത്. നിലവില്‍ സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിയുടെ അംഗബലം. വിമതരും എം.എന്‍.എസും പിന്തുണക്കുന്നതോടെ അത് 165 ആകും.

അധികാരത്തിലിരിക്കെ ബി.ജെ.പി കുതതന്ത്രത്തിലൂടെ താഴെയിറക്കുന്ന മൂന്നാമത്തെ സംസ്ഥാന സര്‍ക്കാരാണ് മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സംഖ്യമായ മഹാവികാസ് അഘാഡി. ഇതിന് മുമ്പ് കര്‍ണാടകയിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് അധികാരത്തിലിരിക്കെയുള്ള സര്‍ക്കാരുകളെ ബി.ജെ.പി താഴെയിറക്കിയിരുന്നത്. 2019 ജൂലൈയില്‍ കോണ്‍ഗ്രസ്, ജനതാദള്‍ എം.എല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ വീഴുകയും ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍നിന്നും ജനതാദളില്‍നിന്നും 17 എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തി. 14 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം. എല്‍.എമാരുമായിരുന്നു അന്ന് രാജിവെച്ചത്. ജനഹിതത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.എല്‍.എ പോലുമില്ലാത്ത, 2.44 ശതമാനം മാത്രം വോട്ട് ഷെയറുള്ള ബി.ജെ.പിയാണ് പുതുച്ചേരിയിലെ നാരായണ സ്വാമി സര്‍ക്കാറിനെ വീഴ്ത്തിയത്. ഭരണപക്ഷത്തുണ്ടായിരുന്ന ആറില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ഡി.എം.കെ എം.എല്‍. എയും ബി.ജെ.പി പാളയത്തിലേക്ക് പോയതാണ് ഇതിന് കാരണം. ബി.ജെ.പി അധികാരം കൈക്കലാക്കുന്നത് എങ്ങനെയെല്ലാമാണ് എന്നതിന് ഒന്നാം തരം തെളിവാണിതെല്ലാം. ജനാധിപത്യത്തേയും ജനഹിതത്തെയും തകര്‍ക്കാന്‍ എന്തെല്ലാം കുതന്ത്രങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം.

Chandrika Web: