X
    Categories: MoreViews

ബഗ്ദാദില്‍ ഇരട്ടചാവേര്‍ സ്‌ഫോടനം; 38 മരണം

 

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ട ചാവേറാക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മധ്യ ബഗ്ദാദിലെ അല്‍ ത്വയറാന്‍ സ്‌ക്വയറില്‍ ഒരുകൂട്ടം തൊഴിലാളികള്‍ക്കിടയിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയ വക്താവ് സഅദ് മആന്‍ പറഞ്ഞു.
കിഴക്കന്‍ ബഗ്ദാദില്‍ സദ്‌സിറ്റിക്കും യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള അല്‍ ജുമാറിയ ബ്രിഡ്ജിനും ഇടക്കുള്ള പ്രധാന ജംഗ്ഷനാണ് അല്‍ ത്വയറാന്‍. ആക്രമണത്തെ തുടര്‍ന്ന് ഇവിടേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 48 മണിക്കൂറിനിടെ തലസ്ഥാന നഗരയിയില്‍നിന്ന് നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഏദന്‍ സ്‌ക്വയറിന് സമീപം സെക്യൂരിറ്റി ചെക്‌പോയിന്റിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ബഗ്ദാദില്‍ അല്‍ തര്‍മിയ പ്രദേശത്തുണ്ടായ ചാവേറാക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇറാഖില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കുമേല്‍ വിജയം നേടിയതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. ഇന്റലിജന്‍സ് ശൃംഖലയിലെ ഗുരുതരമായ പിഴവാണ് സമീപകാല ആക്രമണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ആരോപണമുണ്ട്.

chandrika: