X
    Categories: Views

മൊസൂള്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം; മൂന്നു മരണം

 
ബഗ്ദാദ്: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് ഇറാഖ് സേന പിടിച്ചെടുത്ത കിഴക്കന്‍ മൊസൂളിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ഒരുക്കങ്ങള്‍ക്കുവേണ്ടി ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് വെടിവെച്ചുകൊന്നു.
കടകള്‍ നിറഞ്ഞ തെരുവിലേക്ക് കടന്ന് മറ്റൊരു ചാവേര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാസങ്ങള്‍ക്കുമുമ്പ് ഐ.എസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട മേഖലയില്‍ ആക്രമണങ്ങള്‍ പതിവായിട്ടുണ്ട്. കിഴക്കന്‍ മൊസൂളില്‍ ഐ.എസ് ഇപ്പോഴും സജീവമാണ്.
അക്രമങ്ങള്‍ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ചില ഐ.എസ് പ്രവര്‍ത്തകര്‍ക്ക് ഇറാഖ് ഭരണകൂടം അനുമതി നല്‍കിയിരുന്നു. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇറാഖ് സേനയും ഐ.എസും തമ്മില്‍ രൂക്ഷപോരാട്ടം തുടരുകയാണ്. കുറഞ്ഞ ദിവസങ്ങള്‍ക്കകം മൊസൂള്‍ നഗരം പൂര്‍ണമായും ഐ.എസില്‍നിന്ന് മുക്തമാകുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. മൊസൂളിലെ ഓള്‍ഡ് സിറ്റിയില്‍ ജനസാന്ദ്രതയിലുള്ള തെരുവുകളിലേക്ക് തീവ്രവാദികള്‍ വലിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ പൗരാണിക മസ്ജിദ് സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇറാഖില്‍ ഐ.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നു ഭൂരിഭാഗം പ്രദേശവും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.

chandrika: