X

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കളത്തിലേക്ക്

കൊച്ചി: കോവിഡ് ബാധയെ തുടര്‍ന്ന് റൂം ക്വാറന്റീനിലായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വീണ്ടും പരിശീലനം തുടങ്ങി. നാളെ ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ടീം ഇറങ്ങുമെന്ന് ഇതോടെ ഉറപ്പായി. മികച്ച പ്രകടനവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ രണ്ടു മത്സരങ്ങള്‍ കൂടുതലായി കളിച്ച ഹൈദരാബാദാണ് 23 പോയിന്റോടെ പട്ടികയില്‍ മുന്നിലുള്ളത്. നാളെ ജയം തുടര്‍ന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ടീം താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 16ന് മുംബൈ സിറ്റി എഫ്‌സിയുമായും 20ന് എടികെ മോഹന്‍ബഗാനുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. ജനുവരി 12നാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാനമായി കളിച്ചത്. ഒഡീഷക്കെതിരെ നേടിയ വിജയം നാളെ ബെംഗളൂരിനെതിരെയും ആവര്‍ത്തിച്ച് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ചുവീതം ജയവും സമനിലയും നേടിയ ടീം സീസണിലെ ആദ്യമത്സരത്തില്‍ മാത്രമാണ് തോറ്റത്. ബെംഗളൂരിനെതിരായ ആദ്യ പാദ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള ബെംഗളൂരിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

web desk 3: