X

പൊന്നാനിയിലും താനൂരിലും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; രണ്ടു പേരെ കാണാതായി

താനൂർ: പൊന്നാനിയിലും താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി. താനൂരില്‍ കാണാതായ അഞ്ചുപേരില്‍ മൂന്ന് പേര്‍ തിരികെയെത്തി. ഇന്നലെ ഉച്ചക്ക് താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഏഴര മണിയോടെയാണ് പൊന്നൂസ് തോണി അപകടത്തില്‍പെട്ടത്. ഒട്ടുമ്പുറം സ്വദേശികളായ കുഞ്ഞാലകത്ത് ഉബൈദ് (35), കെട്ടുങ്ങല്‍ കുഞ്ഞിമോന്‍ (60) എന്നിവരെയാണ് കാണാതായത്. കോര്‍മ്മന്‍കടപ്പുറം വെളിച്ചാന്റെപുരക്കല്‍ സൈതലവി (35) പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ നീന്തി കരക്കെത്തി രക്ഷപ്പെട്ടു, ഒട്ടുമ്പുറം ഉമ്മയ്യ്രത്തിന്റെ പുരക്കല്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍ (50), ഫാറൂഖ് പള്ളി ആണ്ടിക്കാടവത്ത് ഉമ്മര്‍ (40) എന്നിവരെ പരപ്പനങ്ങാടി ഹാര്‍ബര്‍ പരിസരത്തു നിന്നും ഇന്നലെ അര്‍ധ രാത്രി ഒരു മണിയോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

താനൂര്‍ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. കാണാതായ രണ്ടുപേര്‍ക്കായി  ഇപ്പോഴും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടും അപകടത്തില്‍പ്പെട്ടു. ആറു മത്സ്യത്തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. എന്‍ജിന്‍ തകരാറിലായി വിള്ളല്‍ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എറണാകുളത്ത് എടമുട്ടത്തിനടുത്താണ് നിലവില്‍ ബോട്ടുള്ളത്.രക്ഷാ പ്രവര്‍ത്തനം തുടങ്ങിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.

പൊന്നാനിയില്‍ വള്ളം മറിഞ്ഞു ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറില്‍ഹൂദ എന്ന വളളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിനെ കാണാതായിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ പടിഞ്ഞാറക്കര നായര്‍തോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു. കടൽപ്രക്ഷുബ്ദമാകാനള്ള സാധ്യത മുന്നിൽക്കണ്ട്  മത്സ്യ ബന്ധനത്തിനു പോകരുതെന്ന നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്.

 

chandrika: