X
    Categories: Sports

രണ്ട് കൈകളുമില്ല; സ്‌നൂക്കര്‍ ടേബിളില്‍ താടികൊണ്ട് ചരിത്രം രചിച്ച് പാക്കിസ്ഥാന്‍ യുവാവ്

സാമുന്ത്രി(പാക്കിസ്ഥാന്‍): ചെറിയ പരിമിതികള്‍ വരുമ്പോഴേക്കും തളര്‍ന്നുപോവുന്നവര്‍ക്ക് ഒരു തിരുത്താവുകയാണ് മുഹമ്മദ് ഇക്രം എന്ന പാക്കിസ്ഥാന്‍ യുവാവ്. ജന്‍മനാ ഇരു കൈകളുമില്ലാത്ത ഇക്രം സ്‌നൂക്കര്‍ ടേബിളില്‍ താടികൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സാമുന്ത്രി സ്വദേശിയായ ഇക്രം എട്ട് വര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയാണ് താടികൊണ്ട് സ്‌നൂക്കര്‍ കളിക്കാനുള്ള മികവ് നേടിയത്.

സ്‌നൂക്കറില്‍ ഇക്രം മികച്ച താരമാണെന്ന് മറ്റുള്ള കളിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച ഇക്രമിന് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. വീടിനടുത്തുള്ള സ്‌നൂക്കര്‍ ക്ലബില്‍ പോയി രഹസ്യമായാണ് ഇക്രം പരിശീലനം നേടിയത്. ആളുകള്‍ പരിഹസിക്കുമോ എന്ന ഭയമാണ് പരിശീലനം രഹസ്യമാക്കാന്‍ ഇക്രമിനെ പ്രേരിപ്പിച്ചത്.

ഇക്രം നിരവധി ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ടെന്നാണ് ക്യൂമാസ്റ്റേഴ്‌സ് സ്‌നൂക്കര്‍ ക്ലബ്ബിലെ സഹ ഉടമയായ മിയാന്‍ ഉസ്മാന്‍ അഹമ്മദ് പറയുന്നത്. കളിക്കാന്‍ അനുവദിക്കണമെന്ന് ആഗ്രഹവുമായി ഇക്രം ആദ്യം എത്തിയപ്പോള്‍ അത്ഭുതം തോന്നിയിരുന്നു. എന്നാല്‍ മത്സരത്തോടുള്ള ഇക്രത്തിന്റെ താല്‍പര്യം മൂലം അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ പ്രകടനങ്ങളിലൂടെ ഇക്രം അമ്പരപ്പിച്ചെന്നും മിയാന്‍ ഉസ്മാന്‍ അഹമ്മദ് പറയുന്നത്. ദൈവം തനിക്ക് കൈകള്‍ നല്‍കിയില്ല എന്നാല്‍ ധൈര്യം തരാന്‍ അദ്ദേഹം മറന്നില്ലെന്നാണ് തന്റെ നേട്ടങ്ങളേക്കുറിച്ച് ഇക്രം പറയുന്നത്. സര്‍ക്കാര്‍ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കണമെന്നാണ് ഇക്രത്തിന്റെ ആഗ്രഹം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: