X

ധോണി പറഞ്ഞത് എത്ര ശരി! സ്പാര്‍ക്കില്ലാതെ യുവതാരങ്ങള്‍- പൂജ്യത്തിന് പുറത്ത്

ഷാര്‍ജ: എന്തു കൊണ്ട് യുവതാരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന് ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി നല്‍കിയ ഉത്തരം, അവര്‍ക്ക് കളിക്കളത്തില്‍ ‘സ്പാര്‍ക്ക്’ ഇല്ല എന്നതായിരുന്നു. യുവതാരങ്ങള്‍ക്കെതിരെ ധോണി പ്രയോഗിച്ച വാക്കുകള്‍ ഏറെ വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്തു. ധോണി യുവതാരങ്ങളെ ബഞ്ചിലിരുത്തി നശിപ്പിക്കുന്നു എന്ന ആരോപണവുമുണ്ടായി.

ഏതായാലും മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ ‘സ്പാര്‍ക്കി’ല്ലാത്ത യുവതാരങ്ങളും ടീമിലുണ്ടായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദും എന്‍ ജഗദീശനുമായിരുന്നു രണ്ടു പേര്‍. എന്നാല്‍ ധോണിയുടെ പ്രവചനം അച്ചട്ടായ പോലെ ആയിരുന്നു താരങ്ങളുടെ കളിക്കളത്തിലെ പ്രകടനം. രണ്ടു പേരും പൂജ്യത്തിന് പുറത്ത്.

ഓസീസ് താരം ഷെയ്ന്‍ വാട്‌സനു പകരം ടീമിലെത്തിയ ഋതുരാജാണ് ഫാഫ് ഡുപ്ലെസിക്കൊപ്പം ചെന്നൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മുംബൈയ്ക്കായി ആദ്യ ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ പന്ത് നേരിട്ടതു മുതല്‍ ഋതുരാജിന്റെ ശരീരഭാഷയില്‍ സമ്മര്‍ദം വ്യക്തമായിരുന്നു. അഞ്ചാം പന്തില്‍ ഋതുരാജ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

നാലാം നമ്പറിലെത്തിയ എന്‍.ജഗദീശന്‍ വന്നതും പോയതും ഒരുപോലെയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ഫുള്‍ ലെങ്ത് പന്ത് എഡ്ജ് ചെയ്ത് ജഗദീശന്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. ജഗദീശന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താരം കളിച്ചിരുന്നു.

ബാറ്റിങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കേദാര്‍ ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി, യുവതാരങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നു എന്നതായിരുന്നു ആരാധകരുടെ പരാതി. എട്ട് മത്സരങ്ങളില്‍ ഇതുവരെ 62 റണ്‍സ് മാത്രമാണ് ജാദവ് നേടിയിട്ടുള്ളത്.

മുംബൈ ഇന്ത്യന്‍സിനെതിരെ പത്തുവിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. തുടര്‍ച്ചയായ എട്ടാം തോല്‍വിയോടെ ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് ഏകദേശം പുറത്തായി.

Test User: