X

അമേരിക്കയില്‍ വെള്ളിത്തെളിച്ചമായി രാജേഷ് കുമാരന്റെ പഞ്ച്

ഫൈസല്‍ മാടായി

കണ്ണൂര്‍: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്‍, കൈകളുടെ സ്ഥാനം മാറുമ്പോള്‍ നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്‌സിംഗ് സ്‌െ്രെടക്കിന്റെ നൈപുണ്യതയില്‍ വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്‍ അമേരിക്കയില്‍ വെള്ളിത്തെളിച്ചമേകും കുപ്പായമണിയുകയാണ് ഒരു മലയാളി, രാജേഷ് കുമാരന്‍.

വെങ്കലത്തിലും തിളങ്ങിയ പരിശീലനമികവിന് അംഗീകാരമായാണ് ബോക്‌സിംഗ് റിംഗിലെ കരുത്തില്‍ ശ്രദ്ധേയനായ കണ്ണൂരുകാരന്‍ രാജേഷ് കുമാരന്‍ അമേരിക്കയില്‍ സില്‍വര്‍ ലെവലിലെത്തുന്നത്. ബോക്‌സിംഗ് പരിശീലകനായി സില്‍വല്‍ ലെവലിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യതാരമാണ് രാജേഷ് കുമാരന്‍. യു.എസ്.എയില്‍ നടന്ന കേമ്പില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ നേട്ടം. ബോക്‌സിംഗില്‍ മുന്‍ ചാമ്പ്യനാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാരന്‍ സംസ്ഥാന ചാമ്പ്യന്‍പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997 മുതല്‍ 2012 വരെ കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ബോക്‌സിംഗ് പരിശീലകനായിരുന്നു.

കണ്ണൂരില്‍ കിഴുത്തള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഗോള്‍ഡണ്‍ ഗ്ലോവസ്’ അക്കാദമിക്ക് കീഴില്‍ സംസ്ഥാനദേശീയതലത്തില്‍ നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ രാജേഷ് കുമാരന്റെ പരിശീലന മികവിന് സാധ്യമായിട്ടുണ്ട്. കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെയും ജോയിന്റ് സെക്രട്ടറിയാണ്.

പ്രീഡിഗ്രി പഠനകാലത്ത് 1991ലാണ് ബോക്‌സിംഗിലെ അരങ്ങേറ്റം. 1997 മുതലാണ് സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് മികച്ചതാരമായി ഉയര്‍ന്ന് പരിശീലകന്റെ റോളിലുമെത്തുകയായിരുന്നു. പരിമിതികളെ അതിജീവിച്ചാണ് ബോക്‌സിംഗില്‍ പരിശീലകനെന്ന യു.എസ്.എ സില്‍വര്‍ ലെവല്‍ പദവി സ്വന്തമാക്കിയത്. പരിശീലകനെന്ന അംഗീകാരത്തിലേക്ക് വഴിതുറന്നത് ഓണ്‍ലൈന്‍ ടെസ്റ്റാണ്. ഇതുവഴി അന്താരാഷ്ട്രതല ബോക്‌സിംഗ് പരിശീലകനെന്ന നേട്ടത്തിലേക്ക് ഉയരുകയായിരുന്നു ഇടിക്കൂട്ടിലെ മുന്‍താരം.

പരീക്ഷയില്‍ 90 ശതമാനം മാര്‍ക്കില്‍ വിജയിക്കണമെന്ന കടമ്പയും കടക്കണമായിരുന്നു യു.എസ്.എ ബോക്‌സിംഗില്‍ പരിശീലകനാകാന്‍. ബ്രൗണ്‍ ലെവല്‍ കോച്ച് സര്‍ട്ടിഫിക്കറ്റും ലെവല്‍ വണ്‍ റഫ്രീങ്ങിലൂടെയുമായിരുന്നു പരിശീലക അരങ്ങേറ്റം. പ്രയാസകരമായിരുന്നു സില്‍വര്‍ കടമ്പയെന്ന് രാജേഷ് പറയുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയെത്തിയ കേമ്പില്‍ കഠിനമായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 പരിശീലകരാണ് കേമ്പിനെത്തിയത്. ഇതിഹാസതാരങ്ങളും യു.എസ്.എ ടീം പരിശീലകരും പങ്കെടുത്ത കേമ്പ് മികച്ച അനുഭവമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

webdesk14: