X
    Categories: indiaNews

ശൂദ്രരെ അങ്ങനെ തന്നെ വിളിക്കണം; ജാതിവെറിയുമായി പ്രജ്ഞ സിങ് ഠാക്കൂര്‍

ഭോപ്പാല്‍: ജാതിവെറി നിറഞ്ഞ പ്രസ്താവനയുമായി മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാല്‍ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ശൂദ്രരെ ശൂദ്രരെന്ന് വിളിക്കുമ്പോള്‍ എന്തിനാണ് മോശം തോന്നുന്നത് എന്ന് അവര്‍ ചോദിച്ചു. മധ്യപ്രദേശിലെ സെഹോറില്‍ ക്ഷത്രിയ മഹാസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിവാദ പ്രസ്താവനകള്‍ക്ക് പേരു കേട്ട പ്രജ്ഞ.

‘നമ്മുടെ ധര്‍മശാസ്ത്രം അനുസരിച്ച് സമൂഹം നാലു വിഭാഗമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ക്ഷത്രിയനെ ക്ഷത്രിയനെന്നു വിളിക്കുമ്പോള്‍ അവര്‍ക്ക് മോശം തോന്നുന്നില്ല. ബ്രാഹ്മണനെ ബ്രാഹ്മണനെന്നു വിളിക്കുമ്പോള്‍ അവര്‍ക്കും മോശം തോന്നുന്നില്ല. വൈശ്യനും അങ്ങനെ തന്നെ. എന്നാല്‍ ശൂദ്രനെ ശൂദ്രനെന്നു വിളിക്കുമ്പോള്‍ അതു മോശമായിപ്പോകുന്നു. എന്തു കൊണ്ടാണിത്? അജ്ഞതയാണ് കാരണം. അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല’ – പ്രജ്ഞ പറഞ്ഞു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്നും രാജ്യത്തിനു വേണ്ടി ജീവിക്കുന്നവര്‍ക്ക് അതു വേണ്ടതില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പശ്ചാത്തലം നോക്കിയാകണം സംവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാലേ അവര്‍ക്ക് നല്ല ജീവിതം സാധ്യമാകൂ. സംവരണം ജാതി തിരിച്ചല്ല വേണ്ടത്. ക്ഷത്രിയര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കണം. രാജ്യത്തിന് വേണ്ടി പോരടിക്കാനും സുരക്ഷ ശക്തിപ്പെടുത്താനും വേണ്ടി സായുധ സേനയിലേക്ക് അവരെ ആവശ്യമുണ്ട്- പ്രജ്ഞ പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ ദേശ വിരുദ്ധരാണ് എന്നും അവര്‍ ആരോപിച്ചു. അവര്‍ കര്‍ഷകരല്ല. കോണ്‍ഗ്രസുകാരും ഇടതുപക്ഷക്കാരുമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി ഇവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. നേരത്തെ ഷാഹീന്‍ബാഗ് സമരത്തില്‍ ഉണ്ടായതു പോലെ.

Test User: