X

നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുളള തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മേയര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ആരോപിച്ചത്.

മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.

 

webdesk13: