X

നിറങ്ങളില്‍ ബ്രസീല്‍; നിറഞ്ഞാടി വല്ലെയിസ് ലീറ്റ്

അശ്‌റഫ് തൂണേരി

അടിമുടി ബ്രസീല്‍ മാത്രം. ഇരിപ്പിലും നടപ്പിലും കിടപ്പിലും അതേ. ബ്രസീലിന്റെ വിജയം മാത്രം സ്വപ്‌നം കണ്ടുറങ്ങുന്ന, ഉണരുന്ന ഒരാള്‍. വല്ലെയിസ് ലീറ്റ്. കഴിഞ്ഞ ദിവസം ലുസൈല്‍ ബൊളിവാഡിലെ രാത്രി തന്റേതാക്കുകയായിരുന്നു വല്ലെയിസ്. പശ്ചാത്തലത്തില്‍ ഫിഫ ലോകകപ്പിന്റെ സംഗീതം ദൃശ്യങ്ങളുടെ പിന്‍ബലത്തോടെ സ്‌ക്രീനില്‍ തെളിയുന്നുണ്ടായിരുന്നു. എവരിബഡീ…. ലൈറ്റ് ദി സ്‌കൈയ്യാ… ഷൗട്ട് ഇഫ് യുആര്‍ വിത്ത് മീ.. ഹായ്യ ഹയ്യാ… നൂറ ഫത്തേഹിയും ബള്‍ക്കീസും റഹ്മ റിയാദും മനാലും ചേര്‍ന്ന് പാടുമ്പോള്‍ കൈയ്യില്‍കൊണ്ടു നടക്കുന്ന ലോകകപ്പ് ചിഹ്നമേന്തിയുള്ള ചെണ്ടകൊട്ടിക്കൊണ്ടേയിരുന്നു വല്ലെയിസ്.

താളത്തില്‍ തുള്ളുകയും ഒപ്പം പാടുകയും ചെയ്തു. ഇടക്കിടെ സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തടിച്ചുകൂടി. ആയിരക്കണക്കിന് ഇന്‍സ്റ്റ ആരാധകരുള്ള സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് വല്ലെയിസ്. ഖത്തറിലെ താത്കാലിക താമസ സ്ഥലത്ത് പോലും ബ്രസീല്‍ പതാകയാലും നിറങ്ങളാലും അണിയിച്ചൊരുക്കിയിരിക്കുന്നു ബ്രസീലിലെ റസീഫി വില്ലേജില്‍ നിന്നും ദോഹയില്‍ കഴിഞ്ഞ ദിവസമെത്തിയ ഈ ആരാധകന്‍. ഒപ്പം സുഹൃത്തും എഞ്ചിനീയറുമായ എസ്ദറാസുമുണ്ട്.

റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ അനേകം രാജ്യങ്ങളില്‍ ലോകകപ്പ് കാണാന്‍ പോയവരാണ് ഇരുവരും. റഷ്യയിലെ ലോകകപ്പ് അനുഭവം മനോഹരമായിരുന്നുവെന്ന് പറയുന്ന ഇവര്‍ പക്ഷെ ഉടന്‍ പറഞ്ഞു… ക്രേസി…. നടന്നു നടന്ന് ഊപ്പാടിളകുമത്രെ. മാത്രമല്ല ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കുള്ള ദൂരം ആലോചിക്കാന്‍ പോലുമാവുന്നില്ലെന്നും. ഖത്തറില്‍ വളരെ കുറഞ്ഞ കിലോമീറ്ററുകള്‍ക്കുള്ളില്‍ എട്ടു സ്‌റ്റേഡിയങ്ങള്‍. ആ സ്‌റ്റേഡിയം നോക്കൂ. ലുസൈല്‍ സ്‌റ്റേഡിയം ചൂണ്ടി വല്ലെയിസ് പറയുന്നു. അതെത്ര അടുത്താണ്. മെട്രോയും വളരെ അടുത്തല്ലേയെന്ന് എസ്ദറാസ്. പിന്നെ കളിയുടെ കാര്യ ഗൗരവത്തിലേക്ക് കടന്നു. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എല്ലാം മികച്ച ടീമാണെന്നതില്‍ തര്‍ക്കമില്ല. ഞങ്ങള്‍ ഒരുപക്ഷെ വെല്ലുവിളികള്‍ നേരിട്ടേക്കാം. ബ്രസീലിന്റെ വിജയകാര്യത്തില്‍ തര്‍ക്കമില്ല… ഒരുസംഘം ഖത്തരി ആരാധകര്‍ എതിര്‍വശത്ത് നിന്നും വിളിച്ചപ്പോള്‍ അങ്ങോട്ടേക്ക് പോകുന്നതിനിടെ പറഞ്ഞു നിര്‍ത്തി. തിരിഞ്ഞു നോക്കവെ, അവിടെ ചെണ്ടകൊട്ടിലലിഞ്ഞിരുന്നു മഞ്ഞയും പച്ചയും ജഴ്‌സിയും തലേക്കെട്ടുമണിഞ്ഞ വല്ലെയിസ്.

web desk 3: