X

ബ്രിട്ടന്‍-ഇറാന്‍ കപ്പല്‍; മോചനം കാത്ത് മലയാളികള്‍; ആശങ്കയോടെ ബന്ധുക്കള്‍

ബ്രിട്ടനും, ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളികള്‍ അടക്കം ഇന്ത്യക്കാരുള്ളതായി സ്ഥിരീകരണം വന്നതോടെ എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയോടെ ബന്ധുക്കള്‍. മുപ്പത് ദിവസം കഴിഞ്ഞ് വിട്ടയക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്.

അതേസമയം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരുടെ മോചനം കാത്താണ് ബന്ധുക്കള്‍ നില്‍ക്കുന്നത്. ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കപ്പല്‍ അടുപ്പിച്ചതായി ബ്രിട്ടീഷ് കമ്പനി അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. കപ്പലിലുണ്ട് എന്ന് കരുതപ്പെടുന്ന മറ്റ് രണ്ട് മലയാളികളെ തിരിച്ചറിയാനായിട്ടില്ല.

ബ്രിട്ടന്‍ നേരത്തെ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ എന്ന കപ്പലില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍ ഉണ്ടെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ഉദുമ സ്വദേശി പ്രജീഷ് എന്നിവരും കപ്പലിലുണ്ടെന്നാണ് അജ്മല്‍ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ അജ്മല്‍ കഴിഞ്ഞ ദിവസവും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെന ഇംപേരോ എന്ന കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. എറണാകുളം സ്വദേശികളാണ് ഇവര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നാണ് വിവരം. കപ്പലിലുള്ള കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരെ സുരക്ഷിതരായി മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
കപ്പല്‍ പിടിച്ചെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജീവനക്കാരെ അറസ്റ്റു ചെയ്തിട്ടില്ല. അവര്‍ ഇപ്പോഴും കപ്പലില്‍ തന്നെയാണ്. നേരത്തെ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ വിഷയത്തില്‍ ബ്രിട്ടനിലെ കോടതി ഇടപെടുകയും 30 ദിസത്തിനകം കപ്പല്‍ വിട്ടുനല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോയെന്ന സംശയം ഇപ്പോള്‍ ബന്ധുക്കള്‍ക്കുണ്ട്. ബ്രിട്ടന്റെ സ്‌റ്റെന ഇംപേരോ എന്ന എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത് അടക്കമുള്ള സംഭവങ്ങളെ തുടര്‍ന്നാണിത്.
അതേ സമയം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കപ്പല്‍ കമ്പനി വ്യക്തമാക്കി. നോര്‍ത്തേണ്‍ മറീന്‍സ് എന്ന കപ്പല്‍ കമ്പനി അധികൃതരാണ് മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്.
ഇന്‍ഷൂറന്‍സ് കമ്പനി മുഖേന ഇറാനിലെ മറീന്‍ അഫയേഴ്‌സുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. മറീന്‍ അഫയേഴ്‌സ് ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പല്‍ കമ്പനി അധികൃതര്‍ പറയുന്നു. നിലവില്‍ 18 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപരമോ മറ്റെന്തെങ്കിലുമോ ആയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ജീവനക്കാര്‍ക്ക് ഇല്ലെന്നും അധികൃതര്‍ പറയുന്നു. നോര്‍ത്തേണ്‍ മറീന്‍ കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ആശങ്ക വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ അകപ്പെട്ട മലയാളികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സംഭവം അറിഞ്ഞ ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടിയ വിവരമനുസരിച്ച് പിടിച്ചുവെക്കപ്പെട്ടവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പിന് ഇ മെയില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. പിടിച്ചുവെക്കപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: