X

ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പോടെ യു.കെ.യില്‍ പഠിക്കാം

വനിതകള്‍ക്ക് യു.കെ.യിലെ മുന്‍നിര സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനം നടത്താം. ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് 70 വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

സ്ത്രീശാക്തീകരണം

സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (എസ്.ടി.ഇ.എം.സ്റ്റം) എന്നീ വിഷയങ്ങളിലൊന്നില്‍ എം.എസ്സി. പഠനം നടത്തണം. ട്യൂഷന്‍ ഫീസ് ബ്രിട്ടീഷ് കൗണ്‍സില്‍ വക. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുക, സ്ഥിരതയുള്ള വികസനം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, നേതൃനിരയിലേക്ക് ഉയരാന്‍ കഴിവുള്ള വനിതകള്‍ക്ക് പ്രോത്സാഹനം എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സമൂഹമാധ്യമം, ശാസ്ത്ര ആശയവിനിമയം എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ സ്‌കോളറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റം മേഖലയില്‍ ഒരു സ്വാധീനം ഉണ്ടാക്കാന്‍ വേണ്ട പരിശീലനവും ബ്രിട്ടീഷ് കൗണ്‍സില്‍ നല്‍കും.

പഠനം

2019 സെപ്തംബര്‍മുതല്‍ സ്റ്റം വിഷയത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്‌റ്റേഴ്‌സ് കോഴ്‌സ് യു.കെ.യില്‍ ചെയ്യണം. യു.കെ.യിലെ ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ ഓഫര്‍ ലഭിച്ചിരിക്കണം. വിവരങ്ങള്‍ക്ക്: https://study-uk.britishcouncil.org

അപേക്ഷ

ഓഫര്‍ ലഭിച്ച സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ ഓഫീസ്/സ്‌കോളര്‍ഷിപ്പ് ടീമുമായി ബന്ധപ്പെട്ട് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് ഉറപ്പാക്കണം. ഒപ്പം, അതിന് തന്നെ നാമനിര്‍ദേശം ചെയ്യാന്‍ സ്ഥാപനത്തോട് അഭ്യര്‍ഥിക്കണം. തുടര്‍ന്ന്, അപേക്ഷാര്‍ഥിയോട് സര്‍വകലാശാല, സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനുവരി 31നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. വിശദാംശങ്ങള്‍ അടങ്ങുന്ന ഇമെയില്‍ അപേക്ഷകക്ക് ലഭിക്കും. ഒരാള്‍ ഒരു സര്‍വകലാശാലയുടെ നോമിനേഷനേ സ്വീകരിക്കാവൂ. ബ്രിട്ടീഷ് കൗണ്‍സില്‍ അര്‍ഹരായവരെ കണ്ടെത്തും. അവര്‍, ഓഫര്‍ നിശ്ചിതസമയത്തിനകം സ്വീകരിച്ചിരിക്കണം. വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ, സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ലെറ്റര്‍ ഒപ്പിട്ടുനല്‍കണം. ഇവര്‍ ട്യൂഷന്‍ ഫീസിനത്തിലേക്ക് മറ്റേതെങ്കിലും അധിക ഫണ്ടിങ് സ്വീകരിക്കരുത്.

വിവരങ്ങള്‍ക്ക് www.britishcouncil.in

chandrika: