X
    Categories: MoreViews

മേയ് സമ്മര്‍ദ്ദത്തില്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സ്വപ്‌നം കണ്ട പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വിയര്‍ക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മേയ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി(ഡി.യു.പി)യുമായി ചേര്‍ന്ന് മന്ത്രിസഭ തട്ടിക്കൂട്ടാന്‍ നടത്തുന്ന ശ്രമം ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ഔദ്യോഗിക സഖ്യമുണ്ടാക്കാതെ സാമ്പത്തികം, സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മാത്രം ഡി.യു.പിയുടെ സഹായം ഉറാപ്പാക്കാനാണ് കണ്‍സര്‍വേറ്റീവുകള്‍ ആലോചിക്കുന്നത്. സാമൂഹിക കാര്യങ്ങളില്‍ ഡി.യു.പിയുടെ യാഥാസ്ഥിക നിലപാടുകളില്‍നിന്ന് അകന്നുനില്‍ക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സര്‍ മൈക്കല്‍ ഫാളന്‍ അറിയിച്ചു. ഡി.യു.പിയുമായി കൂട്ടുകൂടുന്നുവെന്ന് പറഞ്ഞാല്‍ അവരുടെ എല്ലാ വീക്ഷണങ്ങളെയും അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.യു.പി നേതാവ് അര്‍ലെന്‍ ഫോസ്റ്റര്‍ നാളെ ഡൗണിങ് സ്ട്രീറ്റില്‍ മേയുമായി ചര്‍ച്ച നടത്തും. ബ്രിട്ടനെ തൂക്കുപാര്‍ലമെന്റിലേക്ക് നയിച്ച തെരഞ്ഞെടുപ്പിനുശേഷം മേയ്ക്കുമേല്‍ രാജിക്കും സമ്മര്‍ദ്ദമുണ്ട്. തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ കൂട്ടായ സമീപനത്തിലേക്ക് മേയ് മാറേണ്ടിവരുമെന്ന് ഫാളന്‍ പറയുന്നു. മുന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും പ്രമുഖ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ കടുത്ത ഭാഷയിലാണ് മേയിയെ വിമര്‍ശിച്ചത്. തകര്‍ച്ചയിലേക്ക് നടന്നടുക്കുന്ന സ്ത്രീയാണ് അവരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്ത്യം കാത്ത് എത്രകാലം നില്‍ക്കണമെന്ന കാര്യം മാത്രമാണ് ഇനി കാണാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മേയുടെ രണ്ട് പ്രമുഖ സ്റ്റാഫ് അംഗങ്ങള്‍ ശനിയാഴ്ച രാജിവെച്ചിരുന്നു. ഡി.യു.പിയുമായുള്ള സഖ്യചര്‍ച്ചകളില്‍ വ്യക്തത വരുത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത യാഥാസ്ഥിതിക നിലപാടാണ് അവര്‍ക്കുള്ളത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ തയാറെടുക്കുമ്പോള്‍ കരുത്താര്‍ജിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേയ്ക്ക് ഫലം വന്നപ്പോള്‍ കനത്ത അടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് ഫലം ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ ബ്രിട്ടന്റെ നിലപാടുകളെ ദുര്‍ബലമാക്കും. ബ്രെക്‌സിറ്റിനോടുള്ള ബ്രിട്ടീഷ് സമീപനത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്ന പല കാര്യങ്ങളില്‍നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്‍വലിയേണ്ടിവരുമെന്ന് ലേബര്‍ പാര്‍ട്ടിയും പറയുന്നു.

chandrika: