X

തകര്‍ന്നടിഞ്ഞ രൂപയും തളരുന്ന ജനതയും- എഡിറ്റോറിയല്‍

‘ഇന്ത്യന്‍ വ്യാപാരികള്‍ അന്യനാടുകളിലേക്ക് കയറ്റുമതിചെയ്യുന്നു, ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു. അവരുടെ നഷ്ടം ആരു നികത്തും? പാകിസ്താന്റെ രൂപക്ക് കുഴപ്പമില്ല, നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കക്കും രൂപയുടെ ഇടിവില്ല. യു.പി.എ സര്‍ക്കാരിന്റെ അഴിമതിയാണ് രൂപയുടെ ഈ വലിയ മൂല്യത്തകര്‍ച്ചക്ക് കാരണം’. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2012ല്‍ നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തിലെ ഈ ഭാഗം ഇപ്പോള്‍ വൈറലാണ്. എന്തിനുമേതിനും കോണ്‍ഗ്രസിനെയും സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന മോദിക്കും ബി.ജെ.പിക്കും രൂപയുടെ ഇപ്പോഴത്തെ കനത്ത പതനത്തെക്കുറിച്ച് മിണ്ടാട്ടമില്ല. 2012ല്‍ രൂപയുടെ തകര്‍ച്ചയെക്കുറിച്ച് മോദി വാചാലനാകുമ്പോള്‍ ഡോളറൊന്നിന് 50 രൂപയിലും താഴെയായിരുന്നു ഇന്ത്യന്‍രൂപയെങ്കില്‍ ഇന്നത് 77.42 രൂപയിലെത്തിയിരിക്കുന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ തകര്‍ച്ചയാണിത്. ഇത് തങ്ങളുടെ അഴിമതിയുടെ ഭാഗമാണോയെന്ന് പറയാനുള്ള ഉത്തരവാദിത്തം മോദിക്കും ബി.ജെ.പിക്കുമില്ലേ? രൂപയുടെ മൂല്യത്തകര്‍ച്ച എങ്ങനെയാണ് നാടിനെയും ജനതയെയും ബാധിക്കുകയെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് നാട്ടിലുണ്ടായിരിക്കുന്ന സര്‍വ വസ്തുക്കളുടെയും വിലക്കയറ്റം. മുമ്പ് ഒരു രൂപ കൊടുത്ത് വാങ്ങിയിരുന്ന ഉത്പന്നത്തിന് ഇപ്പോള്‍ ഒന്നര രൂപയോളം കൊടുക്കേണ്ടിവരുന്നു. വിദേശത്തുനിന്നാണ് വാങ്ങുന്നതെങ്കില്‍ നേരത്തെ കൊടുത്ത ഡോളറിനുപകരം അതിലുമേറെ നല്‍കേണ്ടിവരുന്നു. മോദി പറഞ്ഞ 2012ലും 2013ലും ഡോളറൊന്നിന് 50 രൂപ നല്‍കിയാല്‍ മതിയായിരുന്നെങ്കില്‍ അതേ മോദിയും കൂട്ടരും ഭരിക്കുന്ന 2022ല്‍ 78 രൂപയോളം നല്‍കേണ്ടിവന്നിരിക്കുന്നുവെന്നര്‍ത്ഥം. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുക്കപ്പെടുന്നത്. നാടിനാകട്ടെ സാമ്പത്തിക ശോഷണവും.

രൂപയുടെ ഇടിവിന് അനുപാതമായി നാണ്യപ്പെരുപ്പ നിരക്കും കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പണപ്പെരുപ്പനിരക്ക് മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നെങ്കില്‍ മെയ് 17ന് ഇത് 8.38 ആയി. ചില്ലറ നാണ്യപ്പെരുപ്പം 6 ശതമാനത്തിനപ്പുറം പോയാലത് ഗുരുതരമാണെന്നോര്‍ക്കണം. ഭക്ഷ്യസാധനങ്ങളുടെ മാത്രം വിലയില്‍ 18 മാസത്തെ വലിയ ഉയര്‍ച്ചയാണുണ്ടായിരിക്കുന്നതെന്ന് ഉപഭോക്തൃ ഭക്ഷ്യ വില സൂചിക വെളിപ്പെടുത്തുന്നു. -7.7 ശതമാനത്തില്‍നിന്ന് 8.4 ശതമാനം. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലക്കുതിപ്പാണ് ഇതിനൊരു കാരണം. രണ്ടു മാസത്തിനകം ഇത്രയുമധികം രൂപ ജനങ്ങള്‍ക്ക് തങ്ങളുടെ ഉപഭോഗത്തിനായി ചെലവിടേണ്ടിവരുന്നുവെന്നര്‍ത്ഥം. രാജ്യവും ജനതയും നേരിടുന്ന ഈ വലിയ വെല്ലുവിളി വായ്പാപലിശയിലും പ്രതിഫലിക്കും. ഉത്പാദനം നിലക്കുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യും. ഇതിനെല്ലാം കാരണമായി സര്‍ക്കാര്‍ പറയുന്നത് അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും അതിനുകാരണം യുക്രെയിന്‍-റഷ്യ യുദ്ധവുമാണ്. സത്യത്തില്‍ ഇതിനുത്തരവാദികള്‍ ദീര്‍ഘവീക്ഷണമില്ലാതെ നാടു ഭരിക്കുന്നവരും സാമ്പത്തികമായി യാതൊരു ജ്ഞാനമില്ലാത്തവരുമല്ലാതാരാണ്?

കമ്യൂണിസ്റ്റ് വ്യവസ്ഥ നടപ്പാക്കിയിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായി പറഞ്ഞിരുന്നത് പ്രവിശ്യകളുടെയും ജനങ്ങളുടെയും സ്വാതന്ത്ര്യദാഹമായിരുന്നുവെങ്കില്‍ സത്യത്തിലതിന് കാരണമായിരുന്നത് ആ രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച കൂടിയായിരുന്നു. 1990 കളില്‍ കൊട്ടക്കണക്കിന് റൂബിളുകളുമായി കടയില്‍ ചെല്ലേണ്ട ഗതികേടിലേക്കാണ് സോവിയറ്റ് യൂണിയനെ അവിടുത്തെ ഭരണാധികാരികള്‍ കൊണ്ടെത്തിച്ചത്. ശ്രീലങ്കയുടെ സ്ഥിതി നോക്കുക. ഗ്രീസിന്റെ അവസ്ഥയും മറക്കാറായിട്ടില്ല. ഇന്ത്യയുടെ പോക്കും ഏതാണ്ടതിന് സമാനമാണ്. രൂപയുടെ ഈ നഷ്ടം ഓരോ ഇന്ത്യന്‍ പൗരന്റെയും നഷ്ടമാണ്. പൗരന്റെ അന്തസായി ജീവിക്കാനുള്ള മൗലികാവകാശമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. സാമൂഹിക രാഷ്ട്രീയരംഗങ്ങളിലും ക്രമസമാധാന രംഗത്തും ജനത വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോഴാണ് സാമ്പത്തികമായിക്കൂടി കൂനിന്മേല്‍കുരു പേറേണ്ടിവന്നിരിക്കുന്നതെന്നത് ഭരണാധികാരികളുടെ സമ്പൂര്‍ണ തോല്‍വിയെയല്ലാതെന്താണ് വെളിപ്പെടുത്തുന്നത്. റിസര്‍വ ്ബാങ്കിലടക്കം ഡോ. രഘുറാം രാജനെപോലുള്ളവരെ മാറ്റി കാവി ശിങ്കിടികളെ വെക്കുമ്പോള്‍ ആലോചിക്കേണ്ടതായിരുന്നു ഇവയെല്ലാം. എന്നാല്‍ പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട് പരിഹാരമുണ്ടാക്കേണ്ട സാമാന്യ ഉത്തരവാദിത്തമാണ് മോദി സര്‍ക്കാര്‍ ഇവിടെ കളഞ്ഞുകുളിച്ചത്. ഭക്ഷ്യധാന്യത്തിന്റെ ഉത്പാദനയിടിവും കൂടികണക്കിലെടുക്കുമ്പോള്‍ ഇനിയെങ്ങോട്ടാണ് പോകുന്നതെന്ന ആധിയിലാണ് നാടും ജനതയും. അതില്ലാത്തത് പക്ഷേ വര്‍ഗീയവാദികളും അധികാരമോഹികളുമായ ഭരണാധികാരികള്‍ക്ക് മാത്രവും.

web desk 3: