X

ബ്രൂവറി അഴിമതി റാഫേല്‍ ഇടപാടിന് സമാനം: യു.ഡി.എഫ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി മോദി സര്‍ക്കാരിന്റെ റാഫേല്‍ ഇടപാടിന് സമാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നരേന്ദ്രമോദി അതീവ രഹസ്യമായാണ് റാഫേല്‍ ഇടപാട് നടത്തിയത്. അതേ മാതൃകയിലാണ് ആരുമറിയാതെ, മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
അഴിമതിയിലൂടെ അനുമതി നല്‍കിയ മദ്യോല്‍പ്പാദന കേന്ദ്രങ്ങള്‍ ആംരഭിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തില്ലെന്നും മന്ത്രിമാര്‍ അറിഞ്ഞില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇടത് സര്‍ക്കാര്‍ മദ്യലോബികള്‍ക്കൊപ്പമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ അടച്ചിട്ട് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവോണ ദിവസം മാത്രം 60 കോടി രൂപയാണ് ബാറുകള്‍ക്ക് വരുമാനം ലഭിച്ചത്. ഇവരില്‍ നിന്ന് ഒരു ദിവസത്തെ വരുമാനം ആവശ്യപ്പെടുന്നതിന് പകരം സാലറി ചലഞ്ചിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയും അക്രമിച്ചും ജനങ്ങളില്‍ നിന്ന് പിടിച്ചുപറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിണറായി വിജയന്‍ അറിയാതെ ഒരു ഈച്ചപോലും അനങ്ങില്ലെന്നിരിക്കെ ബ്രൂവറി ഇടപാടില്‍ മുഖ്യമന്ത്രി തന്നെയാണ് ഒന്നാംപ്രതി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കേണ്ട പശ്ചാത്തലത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുകയെന്നതാണ് യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ തന്റെ ദൗത്യം. സാധാരണ നിലയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മാത്രം പ്രവര്‍ത്തനം തുടങ്ങുന്ന യു.ഡി.എഫ് ഇക്കുറി വിപുലമായ കണ്‍വന്‍ഷനുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത് പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. സംഘടനാ സംവിധാനം ഏകോപിപ്പിക്കാനും ക്രമീകരിക്കാനുമായി നവംബര്‍ 14 മുതല്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം തുടങ്ങും.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയും സംഘ്പരിവാറും ഉള്‍പ്പെടുന്ന ഫാസിസ്റ്റ് മുന്നണിയാണ്. അവര്‍ക്കെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകും. ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയുമില്ലെന്നിരിക്കെ സി.പി.എമ്മിന് നല്‍കുന്ന ഓരോ വോട്ടും നോട്ടയ്ക്ക് നല്‍കുന്നത് പോലെ പാഴാകുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: