X

വെള്ളം തേടി അതിര്‍ത്തി കടന്ന പാക് ബാലനെ സൈന്യം പാകിസ്താന് കൈമാറി

ജലന്ധര്‍: പോര്‍വിളികളും വെടിയൊച്ചകളും നിലയ്ക്കാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ പാക് ബാലന് മതിയാവോളം വെള്ളം നല്‍കി സൈന്യം തിരികെ നാട്ടിലേക്കയച്ചു. കുടിവെള്ളം തേടി പുറപ്പെട്ടതിനിടെ അബദ്ധത്തില്‍ ഇന്ത്യാ-പാക് അതിര്‍ത്തി കടന്ന പാകിസ്താന്‍ ബാലനെയാണ് ഇന്ത്യന്‍ സൈന്യം ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി പാക് അധികൃതര്‍ക്ക് കൈമാറിയത്.

ഇന്ത്യാ-പാക് സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയിലാണ് മനുഷ്യത്വത്തിന്റെ നിമിഷങ്ങള്‍ അരങ്ങേറിയത്. തന്‍വീന്‍ എന്ന ബാലനാണ് പാക്-പഞ്ചാബ് അതിര്‍ത്തിയായ ഡോണ തെലു മാല്‍ പോസ്റ്റില്‍ എത്തിയത്. നിയന്ത്രണ രേഖ മറികടന്നു ബിഎസ്എഫ് ജവാന്മാരുടെ അടുത്തെത്തിയ ബാലന്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ബാലന്‍ സൈനിക ക്യാമ്പിലെത്തിയത്. ദാഹത്താല്‍ തന്‍വീന്‍ അവശനിലയിലായിരുന്നു.

സൈനികര്‍ കരുതിയിരുന്ന വെള്ളം മതിയാവോളം നല്‍കി. പിന്നീടു പാക് സൈന്യത്തെ വിവരം ധരിപ്പിച്ചു. തുടര്‍ന്നു ഇന്നലെ രാവിലെയോടെ നടപടികള്‍ക്കു ശേഷം സൈന്യം കശൂര്‍ ജില്ലയിലെ ദാരി ഗ്രാമത്തിലേക്ക് തിരിച്ചയച്ചു. രാവിലെ 11 മണിയോടെ തന്‍വീറിനെ സൈന്യം കൈമാറി.
കഴിഞ്ഞ ദിവസം അബദ്ധത്താല്‍ പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികന്‍ ചന്തു ബാദുല്‍ ചവാന്‍ ഇപ്പോഴും പാകിസ്താന്റെ പിടിയിലാണ്. സൈനികനെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുകയാണെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ചവാനെ യുദ്ധക്കുറ്റവാളിയായി തടവില്‍ പാര്‍പ്പിക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

chandrika: