X
    Categories: CultureNewsViews

പണം വാങ്ങി നിയമസഭാ സീറ്റ് നല്‍കി; ബി.എസ്.പി നേതാക്കളെ അണികള്‍ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്ത് കയറ്റി

ജയ്പൂര്‍: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ ബി.എസ്.പി നേതാക്കളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തിരുത്തി നടത്തി. ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, മുന്‍ ബി.എസ്പി സ്‌റ്റേറ്റ് ഇന്‍ചാര്‍ജ് സീതാറാം എന്നിവരെയാണ് മുഖത്ത് കരിത്തേച്ച് ചെരുപ്പുമാലയണിയിച്ച് തെരുവില്‍ നടത്തിയത്. ബാനി പാര്‍ക്കിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു നേതാക്കള്‍ക്ക് പ്രവര്‍ത്തകരുടെ പ്രാകൃത ശിക്ഷ.
നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. അഞ്ച് വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ പരിഗണിക്കാതെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നുമൊക്കെ എത്തിയവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. പണം വാങ്ങിയാണ് അവര്‍ക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. ഇതോടെ ബി.എസ്.പി പ്രവര്‍ത്തകരും നേതാക്കളും അവഗണിക്കപ്പെടുകയും ചൂഷണത്തിനിരയാകുകയും ചെയ്തിരിക്കുകയാണ്- ബി.എസ്.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇത്രയും ചെയ്തിട്ടും പാര്‍ട്ടി അധ്യക്ഷ മായാവതിക്ക് പ്രവര്‍ത്തകരുടെ സ്ഥിതിയെക്കുറിച്ച് മനസ്സിലായിട്ടില്ലെന്നും ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നതിലേക്ക് തിരിഞ്ഞതെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മായാവതി അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: