X
    Categories: MoreViews

ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി വരുന്നു; ഫെയ്‌സ്ബുക്കിനും ഗൂഗിളിനും തിരിച്ചടി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആദായ നികുതി നിയമത്തിലെ ഒമ്പതാം അനുച്ഛേദം ഭേദഗതി ചെയ്ത് ഇന്ത്യയില്‍ യൂസര്‍ ബെയ്‌സുള്ള (ഉപയോക്താക്കള്‍) ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ആമസോണ്‍, ഫഌപ്കാര്‍ട്ട് പോലെയുള്ള കമ്പനികളെ നികുതി സമ്പ്രദായത്തിന് കീഴിലേക്ക് കൊണ്ടുവന്നതിന് സമാനമായ നടപടിയായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. ഇതുവരെ ലോകത്ത് മറ്റൊരു രാജ്യവും ഇത്തരത്തില്‍ ചിന്തിച്ചിട്ടില്ല എന്നതാണ് ഈ നടപടിയെ വ്യത്യസ്തമാക്കുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, നെറ്റ്ഫഌക്‌സ് പോലെയുള്ള വലിയ കമ്പനികളെ മാത്രമല്ല ‘ഇന്റര്‍നെറ്റ് ഡ്രിവണ്‍’ വിഭാഗത്തില്‍ ബിസിനസ് നടത്തുന്ന എല്ലാ കമ്പനികളെയും ഇത് പ്രതികൂലമായി ബാധിക്കും.

ഇന്ത്യയില്‍ ഭൗതികമായുള്ള സാന്നിദ്ധ്യമില്ലാതെയാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ പലതും ഇന്ത്യയില്‍നിന്ന് വരുമാനം നേടുന്നത്. നിലവില്‍ ഇതുവരെ ഇത്തരം കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സംവിധാനം ഇല്ലായിരുന്നു. ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗിന് ഈക്വലൈസേഷന്‍ ലെവി ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇത് കമ്പനികളുടെ പ്രവൃത്തിമണ്ഡലത്തിന്റെ വളരെ ചുരുങ്ങിയ ഭാഗം മാത്രമാണ്. ഇന്ത്യയില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലോകത്തെ എല്ലാ ഇന്റര്‍നെറ്റ് കമ്പനികളും ഇന്ത്യയെ വലിയ വിപണിയായാണ് കാണുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് ഉപയോഗവും ശരവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് എന്നതാണ് ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസ് നടത്തുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കമ്പനികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ നടക്കുന്ന ചര്‍ച്ചകളിലെ തീരുമാനമാവുകയുള്ളൂ.

ആദായ നികുതി സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ലംഘനമാകും എന്നതിനാല്‍ സര്‍ക്കാരിന് ആദ്യം ചെയ്യേണ്ടി വരിക ഈ കരാറിന്മേലുള്ള പുനര്‍വിചിന്തനമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ഒരു വിദേശ കമ്പനി ഇന്ത്യയില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്താല്‍ ജിഎസ്ടി കൊടുക്കേണ്ട. അതേസമയം ഇന്ത്യന്‍ കമ്പനിയാണെങ്കില്‍ ജിഎസ്ടി കൊടുക്കണം. ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ബാധിക്കുന്ന നികുതി സമ്പ്രദായത്തിലെ ഇത്തരം പോരായ്മകള്‍ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) പ്രസിഡന്റ് സുബോ റോയ് പറഞ്ഞു.

chandrika: