X

‘കൈ’പിടിക്കാന്‍ വീണ്ടും യെച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഎം ജന: സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് സഖ്യമില്ലെങ്കില്‍ ബംഗാളില്‍ പാര്‍ട്ടി തകരും. ബംഗാളിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ കൂടിയാണ് വിശാല സഖ്യം.

മതേതര കക്ഷികളുമായുള്ള സഹകരണം ബിജെപിയെ വളര്‍ത്തുമെന്ന വാദത്തിന് കഴമ്പില്ല. യുപിഎയെ പിന്തുണച്ചപ്പോള്‍ പാര്‍ട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കിയതായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി കാരാട്ട് പക്ഷത്തിന്റെ വാദങ്ങളെ തള്ളി വീണ്ടും രംഗത്തെത്തിയത്. കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കാരാട്ടിന്റെ രേഖമതിയെന്നുമായിരുന്നു തീരുമാനം.

സീതാറാം യെച്ചൂരിയുടെ പ്രമേയം 31 നെതിരെ 55 വോട്ടിനാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്. യെച്ചൂരിയും ബംഗാള്‍ ഘടകവും മുന്നോട്ട് വയ്ക്കുന്ന സഹകരണ നിലപാടിനെ പ്രകാശ് കാരാട്ടും കേരള ഘടകവും ശക്തമായി എതിര്‍ത്തതാണ് വോട്ടിങ്ങിലേക്ക് നീങ്ങിയത്. കോണ്‍ഗ്രസുമായി സഹകരണം സംബന്ധിച്ച് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ബംഗാള്‍ ഘടകം കൂടുതല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോയേക്കും. ഈ സാഹചര്യം ഒഴിവാക്കാനായി വെള്ളിയാഴ്ച രാത്രി വൈകി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും സമവായം കണ്ടെത്താനായില്ല.

സിപിഎം പോളിറ്റ് ബ്യൂറോയിലും തങ്ങളുടെ നിലപാടില്‍ പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുളള പ്രതിനിധികളും ഉറച്ചുനിന്നതാണ് കാരണം. ചര്‍ച്ചയില്‍ പങ്കെടുത്ത 61 അംഗങ്ങളില്‍ 31 പേര്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതേസമയം 26 പേര്‍ നീക്കുപോക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. നാലംഗങ്ങള്‍ ഇക്കാര്യത്തില്‍ സമവായമാണ് ആവശ്യം എന്ന നിലപാടെടുത്തു. ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന് ഉറപ്പായതോടെ ഇക്കാര്യത്തില്‍ വോട്ടെടുപ്പിലേക്ക് പോകാമെന്ന് കോണ്‍ഗ്രസ് വിരുദ്ധ ചേരി ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം വോട്ടെടുപ്പ് ഒഴിവാക്കാന്‍ സീതാറാം യെച്ചൂരി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ കടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എതിര്‍പക്ഷവും വ്യക്തമാക്കിയതോടെയാണ് വോട്ടെടുപ്പിന് വഴിതെളിഞ്ഞത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വന്‍ ജയം നേടിയപ്പോള്‍ ബി.ജെ.പിക്കും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് സി.പി.എം പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി യെച്ചൂരി രംഗത്തു വന്നത്.

chandrika: