X

മാസപ്പടി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോക്ക്

മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടനാണ് പ്രമേയ നോട്ടീസ് നല്‍കിയത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആര്‍എല്‍ കമ്പനിയില്‍നിന്നും നല്‍കാത്ത സേവനങ്ങള്‍ക്ക് പണം കൈപ്പറ്റി എന്ന ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണവും സംബന്ധിച്ച് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്ലക്കാഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ചേംബറിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഈ സമയം മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രി രാജിവെക്കണമെന്നും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭയില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. 2 പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. പ്രതിപക്ഷമല്ല ഭരണപക്ഷമാണ് സഭാ നടപടികളെ തടസപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളെയും അടിച്ചമര്‍ത്തുന്നു. മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത് ആര്‍ത്തി പ്രഭാഷണങ്ങളാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

 

webdesk13: