X

കോഴിക്കോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത ഓടത്തെരുവിലാണ് സംഭവം. അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് അതിന്റെ പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകട ശേഷം ടിപ്പര്‍ നിര്‍ത്താതെ പോയി.

രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു. മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംഭവ ശേഷം നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയും ഡ്രൈവറെയും പോലീസ്‌കസ്റ്റഡിയിലെടുത്തു. കെ.എല്‍ 57 ജി 1204 ലോറിയും ഡ്രൈവര്‍ നിസാമുദ്ധീനെയുമാണ് കസ്റ്റഡിയിലെടുത്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ പ്രദീപിന് കിട്ടിയ വിവര മനുസരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനവും ഡ്രൈവറും പിടിയിലായത്‌

ചന്ദ്രിക വെബ് ഡെസ്‌ക്‌: