X

കരിപ്പൂര്‍ വിമാനത്താവളം വികസനം; പ്രതിഷേധം തണുത്തു; സാമൂഹികാഘാത പഠനം തുടങ്ങി

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് വീണ്ടും തുടക്കമായി. നഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കല്‍ വില്ലേജില്‍ നിന്ന് പുനഃരാരംഭിച്ചത്. സര്‍വേയ്ക്കായി തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിലെ നാലംഗ സംഘം ജനുവരി 16ന് പള്ളിക്കലില്‍ എത്തിയപ്പോള്‍ ജനകീയ പ്രതിഷേധം മൂലം പഠനം നടത്താനാവാതെ മടങ്ങേണ്ടി വന്നിരുന്നു.

റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കുന്നതിനായി പള്ളിക്കല്‍ വില്ലേജില്‍ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജില്‍ 7.5 ഏക്കറും അടക്കം 14.5 ഏക്കര്‍ ഭൂമിയാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഈമാസം 10ന് സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി പിന്തുണ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥ സംഘം കൊണ്ടോട്ടി നഗരസഭയിലെത്തി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നഷ്ടപരിഹാരം അടക്കമുള്ള പ്രദേശവാസികളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെയും സമരസമിതിയുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ സാമൂഹികാഘാത പഠനം തുടരാന്‍ തീരുമാനിച്ചിരുന്നു.

ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആറ് മാസത്തിനകം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ഭൂമി കൈമാറാനാണ് തീരുമാനം. ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുന്നതിനായി 74 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് കൈമാറുന്ന മുറയ്ക്ക് നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാകും എന്നതടക്കമുള്ള കാര്യങ്ങള്‍ സാമൂഹികാഘാത പഠന സംഘം വിലയിരുത്തും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തും. സാമൂഹികാഘാത പഠനത്തിന് എത്തിയപ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍വേ നടത്തുന്നതിന് എയര്‍പോര്‍ട്ട് അധികൃതരും റവന്യൂ വകുപ്പും സമരസമിതിയും നല്ല പിന്തുണയാണ് നല്‍കുന്നത്.

webdesk14: