X

മുസ്‌ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കാനഡ യൂണിവേഴ്‌സിറ്റിയില്‍ ബോംബ് ഭീഷണി

മുസ്‌ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കാനഡ യൂണിവേഴ്‌സിറ്റിയില്‍ ബോംബ് ഭീഷണി
ഒട്ടാവ: കാനഡ യൂണിവേഴ്‌സിറ്റിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ക്യൂബെകിലെ മോണ്‍ട്രേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍കോര്‍ഡിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ബോംബ് ഭീഷണി. സംഭവത്തെത്തുടര്‍ന്ന് കാമ്പസിലെ നാലായിരത്തോളം വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.

സ്‌കൂള്‍ അധികൃതര്‍ക്കു ലഭിച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അതിര്‍ത്തിക്ക് തെക്കു ഭാഗത്ത് (അമേരിക്ക) പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപാണെന്നും കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നും ഭീഷണിയില്‍ പറയുന്നു. ‘നിങ്ങള്‍ (മുസ്‌ലിം വിഭാഗം) രാജ്യത്തുള്ളത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ല’ എന്നു പറഞ്ഞായിരുന്നു ഇ-മെയില്‍ സന്ദേശം ആരംഭിക്കുന്നത്. മതപരമായ ഒരു പരിപാടികളും രാജ്യത്ത് നടത്താന്‍ അനുവദിക്കില്ല. അത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതു വരെ ആക്രമണം നടന്നു കൊണ്ടിരിക്കുമെന്നാണ് മുന്നറിയിപ്പ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മോണ്‍ട്രെല്‍ പൊലീസ് പറഞ്ഞു. സ്‌ഫോടകവസ്തുക്കള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സമാനരീതിയില്‍ സമീപത്തെ മെക്ഗില്‍ യൂണിവേഴ്‌സിറ്റിയിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്ന് കാമ്പസില്‍ നിന്ന് ബോംബ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

chandrika: