X

കര്‍ഷകര്‍ക്കൊപ്പം തന്നെ; നിലപാട് ആവര്‍ത്തിച്ച് ട്രുഡോ- സര്‍ക്കാര്‍ വെട്ടില്‍

ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഒപ്പം തന്നെയാണ് കനഡ ഇപ്പോഴുമുള്ളത് എന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. വിഷയത്തില്‍ ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചു വരുത്തിയതിന് പിന്നാലൊണ് ട്രുഡോ നിലപാട് ആവര്‍ത്തിച്ചത്. ട്രുഡോയുടെ പ്രസ്താവന ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം മോശമാക്കുമെന്ന് ഇന്ത്യ ഹൈക്കമ്മിഷണര്‍ നാദിര്‍ പട്ടേലിനെ അറിയിച്ചിരുന്നു.

എന്നാല്‍, സമാധാനപരമായ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം കനഡ നിലകൊള്ളുമെന്ന് ട്രുഡോ പറഞ്ഞു. ട്രുഡോയ്ക്ക് പുറമേ, കനഡയിലെ നിരവധി സിഖ് മന്ത്രിമാരും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചിരുന്നു. പ്രതിഷേധിക്കാനുള്ളത് കര്‍ഷകന്റെ മൗലികമായ അവകാശമാണ് എന്നാണ് മന്ത്രിമാര്‍ പറഞ്ഞിരുന്നത്.

ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പവും ആഗോള തലത്തിലെ മനുഷ്യവകാശത്തിന് ഒപ്പവും കനഡ നിലകൊള്ളും എന്നായിരുന്നു ട്രുഡോയുടെ മറുപടി.

വെള്ളിയാഴ്ചയാണ് ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയിരുന്നത്. ഇന്ത്യന്‍ കര്‍ഷകരുമായി ബന്ധപ്പെട്ട് കനഡ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രസ്താവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെ ഗൗരവമായി ബാധിക്കും- എന്നാണ് വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നത്.

Test User: