X

വി.സി നിയമനം റദ്ദാക്കിയത് സി.പി.എമ്മിനേറ്റ പ്രഹരം

CPIM FLAG

തിരുവനന്തപുരം: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് സര്‍വകലാശാലകളില്‍ പിടിമുറുക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സി.പി.എമ്മിനും ഒരുപോലെ പ്രഹരമായി. വി.സി നിയമനത്തിനുള്ള പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ്, കുഫോസ് വി.സി ഡോ. കെ. റിജി ജോണിന്റെ നിയമനം ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള തിരിച്ചടി കൂടിയായി വിധി.

അതേസമയം ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ മറ്റു വി.സിമാരുടെ കാര്യത്തിലും ഹൈക്കോടതി വിധി ബാധകമായേക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിര്‍ദേശിച്ചതു സര്‍വകലാശാല നിയമത്തിനു വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണു കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മൂന്നു പേരുള്ള പട്ടികയാണ് സേര്‍ച് കമ്മിറ്റി നല്‍കേണ്ടത്. അതിനു പകരം ഒരു പേരു മാത്രം നല്‍കിയത് നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദങ്ങളും അംഗീകരിച്ചാണു ഹൈക്കോടതി ഉത്തരവ്.

യുജിസി ചട്ടപ്രകാരം പുതിയ സേര്‍ച് കമ്മിറ്റി രൂപീകരിച്ചു നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. കുഫോസില്‍ ഫിഷറീസ് ഫാക്കല്‍റ്റി ഡീനായിരുന്ന ഡോ. കെ.റിജി ജോണിനെ 2021 ജനുവരിയിലാണ് വിസിയായി നിയമിച്ചത്. വി.സി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകവേ നിര്‍ണായകമാണു ഹൈക്കോടതി വിധി. വിസി സ്ഥാനത്തുനിന്നു പുറത്താക്കാതിരിക്കാന്‍ കുഫോസ് വിസിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ബാധകമായ സുപ്രീംകോടതി വിധി മറ്റെല്ലാ സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനത്തിലും ഉണ്ടാകുമെന്നത് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്തായ വിസിയാണു ഡോ. രാജശ്രീ. ബയോഡേറ്റ തെറ്റിച്ചു നല്‍കിയതിന്, സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് എംജി സര്‍വകലാശാലാ വിസിയെ ഗവര്‍ണര്‍ മുന്‍പു പുറത്താക്കിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതും പാനല്‍ ഇല്ലാതെയാണ്. കണ്ണൂര്‍, സംസ്‌കൃതം, ഫിഷറീസ്, എം.ജി, കേരള സര്‍വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേര്‍ച് കമ്മിറ്റി ശുപാ!ര്‍ശ ചെയ്തിരുന്നത്. ഇവരി!ല്‍ സംസ്‌കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുന്‍ ഗവര്‍ണര്‍ പി. സദാശിവം ആയിരുന്നു. സംസ്‌കൃത സര്‍വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രം നിര്‍ദേശിച്ചപ്പോള്‍ അത് യു.ജി.സി വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലി!ല്‍ ഒപ്പുവയ്ക്കാതെ അദ്ദേഹം രണ്ടു മാസത്തോളം മാറ്റിവച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഒപ്പിട്ടത്.

web desk 3: