X

മന്ത്രിമാരില്‍ ഭിന്നത ; ശൈലജയെ തള്ളി കാരുണ്യ നടപ്പിലാക്കില്ലെന്ന് തോമസ് ഐസക്ക്

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കാരുണ്യയും ഇന്‍ഷുറന്‍സും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാനാകില്ല. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള ആശുപത്രികളില്‍ മാത്രം നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കും. ഇന്‍ഷുറന്‍സില്‍ അംഗമല്ലാത്ത നിര്‍ദ്ധന രോഗികള്‍ക്കുള്ള അധിക ചെലവ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കും. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബദല്‍ മാര്‍ഗം നടപ്പാക്കുന്നതിനു തടസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത മാര്‍ച്ച് 31 വരെ പദ്ധതി തുടരുമെന്ന മന്ത്രി കെ.കെ ശൈലജയുടെ പ്രഖ്യാപനം തള്ളിക്കൊണ്ടാണ് തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 30നാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കിയത്. ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ആശ്രയമായിരുന്ന പദ്ധതി നിര്‍ത്തലാക്കിയതോടെ വ്യാപക പരാതിയാണ് ഉയര്‍ന്നത്.

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിക്കു പകരം ഇന്‍ഷുറന്‍സ് പദ്ധതിയുമായി ചേര്‍ന്നുള്ള ബദല്‍ സംവിധാനമാണ് ഒരുക്കുന്നത്. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്തവര്‍ക്ക് മാത്രമാകും ബദല്‍ സംവിധാനത്തില്‍ ചികിത്സ ആനുകൂല്യം ലഭ്യമാക്കുക. ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയുള്ള അടിയന്തര ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. നിലവില്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഭാഗമായ ആശുപത്രികളില്‍ മാത്രമാകും ബദല്‍ സംവിധാനം ഒരുക്കുന്നത്.


നിലവില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബദല്‍ ക്രമീകരണങ്ങള്‍ ഒന്നും നടപ്പാക്കാനാകാത്ത സാഹചര്യമാണുള്ളത്. ശ്രീചിത്രയില്‍ എത്തുന്ന രോഗികള്‍ സ്വന്തം നിലയില്‍ തന്നെ ചികിത്സാച്ചെലവ് കണ്ടെത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

web desk 3: