X
    Categories: keralaNews

കാര്‍ വാങ്ങല്‍ തുടരുന്നു; അഡ്വക്കേറ്റ് ജനറലിനും പുതിയ കാര്‍

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ കാറുകള്‍ വാങ്ങുന്നത് തുടരുന്നു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി. 16.18ലക്ഷം രൂപ മുടക്കി ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റര്‍ വാഹനമാണ് വാങ്ങാന്‍ അനുമതി നല്‍കിയത്.

അഞ്ച് വര്‍ഷം പഴക്കവും 86,000 കി.മീ മാത്രം ഓടിയതുമായ കാര്‍ മാറ്റുന്നതില്‍ ധനവകുപ്പിനുള്ള ശക്തമായ എതിര്‍പ്പ് മറികടന്നാണ് പുതിയ കാറിനായി 16.18 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങിയത്. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് നിലവില്‍ ഉപയോഗിക്കുന്നത് 2017 ഏപ്രിലില്‍ വാങ്ങിയ ടൊയോട്ട അല്‍റ്റിസ് കാറാണ്. തുടര്‍ച്ചയായ ദീര്‍ഘദൂര യാത്രകള്‍ക്കുള്ള അസൗകര്യം പരിഗണിച്ച് 86,552 കി.മീ ദൂരം മാത്രം ഓടിയ കാര്‍ മാറ്റണം എന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് മാര്‍ച്ച് 10നാണ് കത്ത് നല്‍കിയത്. ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 16,186,30 രൂപ അനുവദിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം.

എന്നാല്‍ അഞ്ച് വര്‍ഷം പഴക്കമുള്ള വാഹനം മാറ്റിവാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ പി.ഡബ്ലു.ഡി മെക്കാനിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട് പരിഹരിക്കണം എന്നുമായിരുന്നു ഇതില്‍ ധനവകുപ്പ് രേഖപ്പെടുത്തിയ അഭിപ്രായം. വാഹനം ഉപയോഗിക്കുന്നത് സാമ്പത്തികമായി നഷ്ടം ആണെങ്കില്‍ മാത്രം പിഡബ്ലു.ഡിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പുതിയ വാഹനം വാങ്ങുന്നതിനുള്ള ശുപാര്‍ശ നല്‍കണമെന്നും ധനവകുപ്പ് നിലപാടെടുത്തു. പിന്നീട് നിയമമന്ത്രി മുഖേന വിഷയം ധനമന്ത്രിയുടെ പരിഗണയിലേക്ക് വന്നു. പുതിയ വാഹനത്തിനുള്ള ശുപാര്‍ശ നീട്ടിവയ്ക്കണം എന്നാണ് ധനമന്ത്രിയും അഭിപ്രായപ്പെട്ടത്. എന്നാല്‍ തുക അനുവദിക്കാവുന്നതാണെന്ന നിയമമന്ത്രിയുടെ ശുപാര്‍ശയില്‍ വിഷയം മന്ത്രിസഭ പരിഗണിക്കുകയും ജൂണ്‍ 8ന് തുക അനുവദിക്കുകയും ചെയ്തു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോള്‍തന്നെ, നേരത്തെ മുഖ്യമന്ത്രിക്കും എസ്‌കോര്‍ട്ടിനുമായി പുതിയ ഇന്നോവ വാങ്ങാനും ക്ലിഫ് ഹോസ്സിലെ പശുത്തൊഴുത്ത് നിര്‍മ്മാണത്തിനും തുക അനുവദിച്ചത് വലിയ വിവാദമായിരുന്നു.

Chandrika Web: