X
    Categories: keralaNews

സ്‌കൂട്ടറില്‍ അഞ്ച് പേര്‍: ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം

തൊടുപുഴ: സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ച് പേര്‍ യാത്ര ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വേറിട്ട ശിക്ഷ. രണ്ട് ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം ചെയ്യണമെന്നാണ് ആര്‍.ടി.ഒ ആര്‍. രമണന്റെ ഉത്തരവ്.ഇടുക്കി രാജമുടി മാര്‍സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥികളായ ജോയല്‍ വി. ജോമോന്‍, ആല്‍ബിന്‍ ഷാജി, അഖില്‍ ബാബു, എജില്‍ ജോസഫ്, ആല്‍ബിന്‍ ആന്റണി എന്നിവരെയാണ് ശിക്ഷിച്ചത്.

ഇറക്കവും കയറ്റവും ചേര്‍ന്ന റോഡില്‍ സ്‌കൂട്ടറില്‍ അഞ്ചുപേര്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇടുക്കി ആര്‍.ടി.ഒ യ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയല്‍ വി. ജോമോന്റെ ലൈസന്‍സ് 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 2000 രൂപ പിഴയും ഈടാക്കി.കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഇന്നലെ ആര്‍.ടി ഓഫിസിലേക്ക് വിളിച്ച് വരുത്തി ബോധവത്ക്കരണ ക്ലാസ് നല്‍കി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നിര്‍ദ്ദേശം. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി സൂപ്രണ്ടിനും കൈമാറി.

Chandrika Web: