കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യ സംസ്ഥാന സ്‌കൂള്‍ മേള കൊച്ചിയില്‍ നടക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. നാളെ മുതല്‍ മൂന്ന് ദിവസം നഗരത്തിലെ ആറ് സ്‌കൂളുകളിലെ വേദികളിലായി അയ്യായിരത്തോളം ശാസ്ത്രപ്രതിഭകള്‍ തങ്ങളുടെ മികവ് തെളിയിക്കാന്‍ മത്സരിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍.
നാളെ രാവിലെ 9ന് എറണാകുളം സൗത്ത്് ഗവ.ഗേള്‍സ്്‌സ്‌കൂള്‍ അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാവും. 10.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷനാവുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.
എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ശാസ്ത്രമേളക്ക് വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗണിത ശാസ്ത്രമേളക്കും, എറണാകുളം ദാറുല്‍ ഉലൂം വി.എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളക്കും വേദിയൊരുക്കും. ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഐടി മേള, പ്രവൃത്തി പരിചയമേള തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലും. വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവക്കും എറണാകുളം എസ്.ആര്‍.വി സ്‌കൂള്‍ ആതിഥ്യം വഹിക്കും.