X

career chandrika: സിഎച്ച്എസ്എല്‍ വഴി കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പിക്കാം

ഹയര്‍ സെക്കന്ററി യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാവാനുള്ള സുവര്‍ണാവസരമാണ് സ്‌റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഹയര്‍ സെക്കന്ററി ലെവല്‍ (സിഎച്ച്എസ്എല്‍) പരീക്ഷ. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്‌മെന്റുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, ട്രിബൂണലുകള്‍ എന്നിവിടങ്ങളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഗ്രൂപ്പ് സി പോസ്റ്റുകളിലെ പ്രവേശനം നേടാനും തിളക്കമാര്‍ന്ന കരിയറില്‍ എത്തിച്ചുചേരാനുമുള്ള അവസരമാണിത്.

ആകെ 1600 ലധികം ഒഴിവുകളാണ് ഇപ്പോഴുള്ളത്. പ്ലസ്ടു/ തതുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഏത് വിഷയമെടുത്ത് പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാമെങ്കിലും ചില തസ്തികകള്‍ക്ക് മാത്തമാറ്റിക്‌സ് ഉള്‍കൊള്ളുന്ന പ്ലസ്ടു പഠിച്ചിരിക്കണെമെന്ന നിബന്ധനയുണ്ട്. പട്ടിക വിഭാഗക്കാര്‍, പിന്നാക്കക്കാര്‍, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സംവരണമുണ്ടാവും. 1996 ആഗസ്ത് രണ്ടിനും 2005 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാവും. ജൂണ്‍ 8 നു മുമ്പായി ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാമെങ്കിലും ആഗസ്ത് ഒന്നിനു മുമ്പായി യോഗ്യത നേടിയവരായിരിക്കണം.

നൂറു രൂപ അപേക്ഷാ ഫീസ് ഉണ്ടെങ്കിലും വനിതകള്‍, പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. അവസാന ദിവസത്തേക്ക് മാറ്റി വെക്കാതെ മുന്‍കൂട്ടി തന്നെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. ഫീസ് ഓണ്‍ലൈനായോ എസ്.ബി.ഐ ബാങ്കുകളില്‍ നിന്നുള്ള ചലാന്‍ വഴിയോ അടയ്ക്കാവുന്നതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്താന്‍ ജൂണ്‍ 14, 15 തീയതികളില്‍ അവസരമുണ്ടാവും. ഇതിനായി 200 രൂപ വേറെ ഒടുക്കണം. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ത്യശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലടക്കം 15 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.

ടയര്‍1, ടയര്‍2 വിഭാഗങ്ങളിലായി രണ്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഉണ്ടായിരിക്കും. ടയര്‍ 1 പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷ, ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്, പൊതുവിജ്ഞാനം എന്നിവ ഉള്‍ക്കൊള്ളുന്ന 100 ഒബ്‌ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. ടയര്‍1 ല്‍ യോഗ്യത നേടുന്നവര്‍ക്കാണ് ടയര്‍ 2 എഴുതാനവസരമുണ്ടാവുക ടയര്‍2 പരീക്ഷയില്‍ മാത്തമറ്റിക്കല്‍ എബിലിറ്റി, റീസണിങ് ആന്‍ഡ് ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവെര്‍നെസ്സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ ഒബ്‌ജെക്റ്റീവ് പരീക്ഷയുണ്ടാവും. കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയില്‍ യോഗ്യത നേടിയാല്‍ മാത്രം മതി. കൂടാതെ അപേക്ഷിക്കുന്ന തസ്തികക്കനുസരിച്ച് സ്‌കില്‍/ ടൈപ്പിംഗ് ടെസ്റ്റ് കൂടി ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

 

webdesk11: