X

career chandrika: ഗണിതം പഠിച്ച് കരിയറിലുയരാന്‍ സിഎംഐ വിളിക്കുന്നു

പിടി ഫിറോസ്‌

ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മികവുറ്റ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. മാത്തമാറ്റിക്‌സിനൊപ്പം കമ്പ്യൂട്ടര്‍ സയന്‍സും ഫിസിക്‌സും ഉള്‍ക്കൊള്ളുന്ന രണ്ട് തരം ത്രിവത്സര ബിഎസ്.സി (ഹോണേഴ്‌സ്) പ്രോഗ്രാമുകളാണുള്ളത്. കൂടാതെ മാത്തെമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് എന്നിവയില്‍ എംഎസ്.സി പ്രോഗ്രാമുകള്‍, ഗവേഷണ പ്രോഗ്രാമുകള്‍ എന്നിവയും ഉണ്ട്. റെസിഡെന്‍ഷ്യല്‍ സ്വഭാവമുള്ള കോഴ്‌സുകളാണ് ബിരുദ, ബിരുദാനന്തര തലങ്ങളിലുള്ളത്. ആറു സെമസ്റ്ററുകളിലായുള്ള ബി.എസ്.സി പഠനത്തിന്റെ ഭാഗമായി ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ എന്നിവയിലെ അടിസ്ഥാന തലത്തിലും ഉന്നതതലങ്ങളിലുള്ളതുമായ പാഠങ്ങള്‍ക്ക് പുറമെ ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളില്‍ നിന്നടക്കമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വിസിറ്റിംഗ് അധ്യാപരായി ഉണ്ടാവും എന്നത് സി.എം.ഐ യുടെ പ്രധാന ആകര്‍ഷണീയതയാണ്.

സി.എം.ഐയിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബെര്‍ക്കിലി, കാല്‍ടെക്, ചിക്കാഗോ, കേര്‍ണല്‍, ഹാര്‍വാര്‍ഡ്, എംഐടി, പ്രിന്‍സ്ടണ്‍, സ്ട്രാന്‍ഫോര്‍ഡ്, യേല്‍, മാക്‌സ്പ്ലാങ്ക്, ഐഐടി, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിങ്ങനെ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ ഉപരിപഠനാവസരം ലഭിക്കാറുണ്ട്. ഫിനാന്‍ഷ്യല്‍ മാത്തമാറ്റിക്‌സ്, മാനേജ്!മെന്റ്, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ ഉപരിപഠനത്തിനും ജോലി തേടാനും ശ്രമിക്കാവുന്നതാണ്. സോഫ്ട്‌വെയര്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലും സാധ്യതകളുണ്ട്.

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും 2022 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മേയ് 22നു നടക്കുന്ന പ്രവേശന പരീക്ഷയില്‍ ഗണിതശാസ്ത്ര അഭിരുചി പരിശോധിക്കാനുള്ള ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് സ്വാഭാവത്തിലുള്ള ചോദ്യങ്ങളുണ്ടാവും. പരീക്ഷയുടെ സിലബസ്സും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറും ഉത്തരങ്ങളും www.cmi.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ദേശീയ ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷയില്‍ ഇളവ് ലഭിക്കാനിടയുണ്ട്. രണ്ട് ലക്ഷത്തോളം രൂപ വാര്‍ഷിക പഠനഫീസ് ഉണ്ടെങ്കിലും മുഴുവന്‍ ഫീസിളവുകളും ലഭിക്കുന്നതടക്കമുള്ള സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ഫെലോഷിപ്പുകള്‍ എന്നിവ ലഭ്യമാണ്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിച്ച് ഭാഗികമായോ മുഴുവനായോ ഫീസിളവ് ലഭിക്കാനും ശ്രമിക്കാം.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നകം ഓണ്‍ലൈനായി www.cmi.ac.in എന്ന വെബ്‌സൈറ് വഴി അപേക്ഷിക്കണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു അടക്കം രാജ്യത്തെമ്പാടുമായി 37 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ആതിഥ്യത്തിന്റെ കല പഠിക്കാന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിക്കപ്പെട്ട സ്വയം ഭരണ സ്ഥാപനമായ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയും (എന്‍.സി.എച്ച്.എം.സി.റ്റി) ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയും സംയുക്തമായി നടത്തുന്ന, ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍, ത്രിവത്സര ബി.എസ്.സി. പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്റെയും, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ മേഖലയിലെയും ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള 77 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. കേരളത്തില്‍, കേന്ദ്ര സര്‍ക്കാര്‍ വിഭാഗത്തില്‍, കോവളത്തുള്ള, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, കേരള സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ സംയുക്ത സംരംഭമായ കോഴിക്കോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവ ഈ പ്രവേശനത്തിന്റെ പരിധിയില്‍ വരും. മൂന്നാര്‍ കേറ്ററിംഗ് കോളേജ്, വയനാട് ലക്കിടി ഓറിയന്റല്‍ കോളേജ് എന്നിവ സ്വകാര്യ മേഖലയിലുള്ള സ്ഥാപങ്ങളാണ്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ദേശീയതലത്തില്‍ നടത്തുന്ന, എന്‍.സി.എച്ച്.എം.ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (NCHMJEE) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ആയി ജൂണ്‍ 18 നു നടക്കും. ഇംഗ്ലീഷ് ഒരു വിഷയമായെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്കും 2022 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും മെയ് 3 നകം www.nchmjee.nta. nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, ബംഗളുരു, മംഗലാപുരം, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

Chandrika Web: