X
    Categories: Video Stories

മരുന്നടി ആരോപണം നിഷേധിച്ച് റോബര്‍ട്ടോ കാര്‍ലോസ്‌

റയോ: കളിക്കുന്ന കാലത്ത് താന്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്ന ആരോപണം ബ്രസീലിന്റെ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസ് തള്ളി. 2015-ല്‍ സാവോപോളോയില്‍ ബ്രസീലിലെ മരുന്നടി വിരുദ്ധ ഏജന്‍സി പ്രോസിക്യൂട്ടര്‍മാര്‍ക്കു നല്‍കിയ ലിസ്റ്റില്‍ കാര്‍ലോസിന്റെ പേരുണ്ടായിരുന്നുവെന്ന് ജര്‍മനിയിലെ എ.ആര്‍.ഡി നെറ്റ്‌വര്‍ക്ക് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നു. ജര്‍മന്‍ ടി.വിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തള്ളിക്കളയുന്നതായും കാര്‍ലോസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
‘സഹതാരങ്ങളേക്കാള്‍ മുന്‍തൂക്കം ലഭിക്കുന്നതിനായി എന്തെങ്കിലും വസ്തു ഉപയോഗിച്ചിട്ടില്ലെന്ന് ഞാന്‍ ആണയിടുന്നു. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഡോക്ടറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. എനിക്കെതിരെ ഒരു തെളിവും ഡോക്യുമെന്ററി മുന്നോട്ടുവെക്കുന്നില്ല. കരിയറിലുടനീളം ഫെയര്‍പ്ലേയുടെ വക്താവായിരുന്നു ഞാന്‍. എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം എന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. 20 വര്‍ഷത്തിലേറെ നീണ്ട എന്റെ കരിയറില്‍ ഒരിക്കല്‍ പോലും എന്റെ റിസള്‍ട്ട് പോസിറ്റീവായിരുന്നില്ല.’ കാര്‍ലോസ് പറഞ്ഞു.
1992-ല്‍ ബ്രസീല്‍ ടീമില്‍ അരങ്ങേറിയ കാര്‍ലോസ് രാജ്യത്തിനു വേണ്ടി 125 മത്സരങ്ങള്‍ കളിച്ചു. ക്ലബ്ബ് തലത്തില്‍ റയല്‍ മാഡ്രിഡിനു വേണ്ടി 370 കളികളില്‍ ബൂട്ടുകെട്ടിയ താരം 2015-ല്‍ 42-ാം വയസ്സില്‍ ഡല്‍ഹി ഡയനാമോസിനു വേണ്ടി കളിച്ചാണ് സീനിയര്‍ കരിയറില്‍ നിന്ന് വിരമിക്കുന്നത്. 2015-16 കാലയളവില്‍ ഡൈനാമോസിന്റെ പരിശീലകന്‍ കൂടിയായിരുന്നു കാര്‍ലോസ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: